തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് നോട്ടീസ് നൽകിയത്. പച്ചക്കറിയുടേയും പലവ്യഞ്ജനത്തിന്റെയും വില ക്രമാതീതമായി കൂടിയെന്നും ജനജീവിതം ദുസ്സഹമായെന്നും പ്രതിപക്ഷം ആരോപിച്ചു. 85 രൂപയ്‌ക്ക് കെ -ചിക്കൻ കൊടുക്കുമെന്ന് പറഞ്ഞ ഒരു മന്ത്രി നിയമസഭയിലുണ്ടെന്നും ഒരു മാസംകൊണ്ട് എല്ലാ സാധനങ്ങൾക്കും വിലകൂടിയെന്നും റോജി എം ജോൺ എംഎൽഎ പറഞ്ഞു.
സപ്ലൈകോയുടെ അവസ്ഥയും പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടി. “600 കോടി രൂപയാണ് സപ്ലൈകോയ്‌ക്ക് നൽകാനുള്ളത്. സപ്ലൈകോയിൽ പോയി ജനങ്ങൾ സാധനങ്ങൾ വാങ്ങിയാൽ അല്ലേ സബ്സിഡി ജനങ്ങളെ ബാധിക്കൂ. സബ്സിഡി വെട്ടിക്കുറച്ചത് സർക്കാരാണ്. ഹെല്കോപ്റ്ററിന് വാടക കൊടുക്കുന്ന പണം എങ്കിലും സപ്ലൈകോയ്‌ക്ക് കൊടുക്കൂ” റോജി എം ജോൺ സഭയിൽ പറഞ്ഞു. ദേശീയ തലത്തിൽ വിലക്കയറ്റം കുറയുമ്പോഴും കേരളത്തിൽ 12% വർദ്ധനവ് ആണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് ചരിത്രത്തിൽ അറിയാൻ പോകുന്നത് സപ്ലൈകോയുടെ അന്തകരായ സർക്കാർ എന്നായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
ഉത്പാദന സംസ്ഥാനത്തേക്കാൾ വില കുറവാണ് കേരളത്തിലെന്നും മോശം കാലാവസ്ഥയാണ് വിലയെ ചെറിയ രീതിയിൽ ബാധിച്ചതെന്നുമായിരുന്നു പ്രതിപക്ഷ ആരോപണങ്ങൾക്ക് ഭക്ഷ്യമന്ത്രിയുടെ മറുപടി. പച്ചക്കറി വില വർദ്ധനവിൽ ഫലപ്രദമായ ഇടപെടൽ നടത്തി. കേരളത്തിലെ വിലക്കയറ്റത്തിനുകാരണം കേന്ദ്രത്തിന്റെ വികല സാമ്പത്തിക നയമാണ്. ചിദംബരം കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ വിലക്കയറ്റം നിയന്ത്രിക്കാൻ തന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്ന് പറഞ്ഞിരുന്നുവെന്നും ഭക്ഷ്യമന്ത്രി മറുപടി പറഞ്ഞു.