കോഴിക്കോട്: ഫാറൂഖിൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 കാരന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. കോഴിക്കോട് ഇരുമൂളിപ്പറമ്പ് സ്വദേശിയായ വിദ്യാർത്ഥിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം പരിശോധനയ്‌ക്കയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഫാറൂഖ് കോളേജിനടുത്തുള്ള അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ കുളിച്ച മറ്റുള്ളവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ച് വരികയാണ്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ മരിച്ച 13-കാരിയ്‌ക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അമീബ വളരാൻ സാധ്യതകൂടുതലാണെന്നും അതിനാൽ ക്ലോറിനേഷൻ ചെയ്യണമെന്നും നിർദേശമുണ്ട്. രോഗം സ്ഥിരീകരിച്ചാൽ മരണ സാധ്യതയും വളരെ കൂടുതലാണെന്ന് ഡോക്ടർമാർ പറയുന്നു.















