ലോക്സഭാ സ്പീക്കർ പദവിയിൽ ഓം ബിർള തുടരുമ്പോൾ INDI സഖ്യം എന്ന പ്രതിപക്ഷത്തിനു മേലുള്ള സ്വാഭാവിക വിജയം എന്നതിലുപരി ചരിത്രത്തിൽ സംഭവിച്ചുപോയ ഒരു പിഴവിന്റെ പരിഹാരം കൂടിയാണ്. 1998 അധികാരത്തിൽ വന്ന വാജ്പേയ് സർക്കാർ അകാലത്തിൽ പുറത്താകേണ്ടി വന്നത് ഭാരതീയ ജനതാപാർട്ടിയെ സംബന്ധിച്ച് ഒരു കയ്പ്പേറിയ പാഠമാണ്.
1996-ൽ അദ്ദേഹം കേവലം 13 ദിവസക്കാലം പ്രധാനമന്ത്രിയായിരുന്നു. അതിനു പിന്നാലെ അവിശ്വാസ പ്രമേയത്തിൽ ഭരണം നഷ്ടപ്പെടുകയും അങ്ങിനെ ദേവഗൗഡയും ഐ കെ ഗുജറാളും പ്രധാനമന്ത്രിമാരാകുകയും ചെയ്തു. ഏതാണ്ട് ഒരു വർഷക്കാലം മാത്രമേ ജനതാദൾ സർക്കാരുകൾക്ക് ആയുസ്സുണ്ടായിരുന്നുള്ളു. 1998 ഫെബ്രുവരിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നു. തിരഞ്ഞെടുപ്പിനെ മുൻകൂട്ടിക്കണ്ട് എഐഡിഎംകെ, എസ്എപി, ബിജെഡി, എസ്എഡി തുടങ്ങിയ വിവിധ പാർട്ടികളുമായി ചേർന്ന് തിരഞ്ഞെടുപ്പിന് മുമ്പു തന്നെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) രൂപീകരിച്ചു. 543 അംഗ സഭയിൽ 181 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 141 സീറ്റുകളാണ് ലഭിച്ചത്. 543 സീറ്റിൽ 259 സീറ്റുകൾ നേടിയ NDA സഖ്യം ഭൂരിപക്ഷത്തിന് അടുത്ത് എത്തിയെങ്കിലും ഭൂരിപക്ഷം നേടാൻ പര്യാപ്തമായില്ല. അങ്ങിനെ ടിഡിപി (12 സീറ്റുകൾ), ഐഎൻഎൽഡി (4), അരുണാചൽ കൊണ്ഗ്രെസ്സ് (2), 3 സ്വതന്ത്രർ എന്നിവരെ തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയിൽ ചേർത്തു. 2 ആംഗ്ലോ-ഇന്ത്യൻ എംപിമാർ കൂടി ചേർന്നപ്പോൾ 545-ൽ 282 എംപിമാരായി ഭൂരിപക്ഷമായ 273-ൽ അധികം എത്തിയതുകൊണ്ട്ആദ്യ വിശ്വാസവോട്ടിനെ എൻ ഡി എ അതിജീവിച്ചു.
അന്ന് 12 എംപിമാരായുണ്ടായിരുന്ന തെലുങ്ക് ദേശം പാർട്ടി എൻഡിഎയിൽ ചേർന്നപ്പോൾ അവർക്ക് നൽകിയത് സ്‌പീക്കർ പദവിയാണ്. അമലാപുരത്ത് നിന്നുള്ള ടിഡിപി എംപി ഗന്തി മോഹന ചന്ദ്ര ബാലയോഗി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ ഒരു വർഷത്തിനുശേഷം, എഐഎഡിഎംകെ നേതാവ് ജെ ജയലളിത വാജ്‌പേയി സർക്കാരിൽ നിന്ന് തന്റെ മന്ത്രിമാരെ പിൻവലിച്ചു. ജയലളിതക്കെതിരായ അഴിമതികേസുകളിൽ കേന്ദ്രസർക്കാർ അനുകൂലമായ തീരുമാനം എടുക്കണം, അന്നത്തെ ഡി എം കെ സർക്കാരിനെ പിരിച്ചു വിടണം എന്നിവയായിരുന്നു അവരുടെ ആവശ്യങ്ങൾ.
1999 ഏപ്രിൽ 15 നു വാജ്‌പേയി ലോക്‌സഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചു. ഒരു ദിവസം മുമ്പ്, ബഹുജൻ സമാജ് പാർട്ടിയുടെ മായാവതി ഉൾപ്പെടെയുള്ള ചില എൻഡിഎ ഇതര നേതാക്കളിൽ നിന്ന് അദ്ദേഹം വാക്കാലുള്ള പിന്തുണ നേടിയിരുന്നു. എന്നാൽ ഇന്ത്യയിൽ ആദ്യമായി പാർലിമെന്റിൽ ഒരു സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെടുന്നത് രാഷ്‌ട്രം കണ്ടു. വോട്ടെടുപ്പ് ഫലം വന്നപ്പോൾ 270 ‘എതിർപ്പ് ‘കളും 269 ‘പിന്തുണകളും ‘ ഉണ്ടായിരുന്നു.
ജമ്മു കശ്മീരിലെ നാഷണൽ കോൺഫ്രൻസ് പ്രതിനിധി സെയ്ഫുദീൻ സോസ് സർക്കാരിനെതിരെ വോട്ടു ചെയ്തു. എങ്കിൽ പോലും സർക്കാർ വീഴില്ലായിരുന്നു. ഒഡീഷയിലെ കോൺഗ്രസ് നേതാവ് ഗിരിധർ ഗമാംഗ് നടത്തിയ ഒരു വോട്ടാണ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചത് .
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹം ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ അദ്ദേഹം അതുവരെ പാർലമെൻ്റ് അംഗത്വം രാജിവച്ചിരുന്നില്ല. വോട്ടെടുപ്പിനായി ഗിരിധർ ഗമാംഗ് പാർലമെന്റിലെത്തിയപ്പോൾ ഭരണമുന്നണി അംഗങ്ങൾ ബഹളമുണ്ടാക്കിയിരുന്നു. അദ്ദേഹത്തെ വോട്ടെടുപ്പിൽ നിന്ന് അയോഗ്യനാക്കണമെന്ന് എൻഡിഎ ആവശ്യപ്പെട്ടു. എന്നാൽ ജി എം സി ബാലയോഗി അദ്ദേഹത്തെ വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. 1998 ലെ വാജ്‌പേയ് ഗവൺമെൻ്റിന്റെ തകർച്ചയിൽ തീരുമാനമെടുത്തത് സ്പീക്കറുടെ തീരുമാനവും വിവേചനാധികാരവുമാണ്. അങ്ങിനെ ലോക്‌സഭയിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രിയായി വാജ്‌പേയി മാറിയത് അനീതി നിറഞ്ഞ ഒരു തീരുമാനത്തിന്റെ ബലത്തിലായിരുന്നു.
സഭാ ചട്ടങ്ങളുടെ വ്യാഖ്യാനം മുതൽ സഭക്കുള്ളിലെ ക്രമസമാധാനപാലനവും, അതിക്രമങ്ങൾ കാണിക്കുന്ന അംഗങ്ങളെ പുറത്താക്കുന്നത് പോലും ലോക്‌സഭാ സ്പീക്കർ ആണ് തീരുമാനിക്കുന്നത്.
ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനങ്ങളിലും അധ്യക്ഷൻ സ്പീക്കറാണ് . സഭയിൽ അവതരിപ്പിക്കുന്ന ബിൽ മണി ബില്ലാണോ അതോ സാധാരണ ബില്ലാണോ എന്ന് സ്പീക്കർ തീരുമാനിക്കും.ഒരു ബില്ലിന്റെ തുടർന്നുള്ള ഭാവി , അത് എങ്ങനെ, ഏതു കാറ്റഗറിയിൽ പട്ടികപ്പെടുത്തി എന്നതിനെ ആശ്രയിച്ചിരിക്കുന്നതിനാൽ ഈ തീരുമാനം അതീവ പ്രാധാന്യമുള്ളതാണ്.
ഇന്ത്യയിലെ പരമോന്നത നിയമനിർമ്മാണ സഭയായ ലോക്സഭയിൽ ഭരണകക്ഷിയുടെയോ സഖ്യത്തിന്റെയോ ശക്തിയുടെയും നിയന്ത്രണത്തിന്റെയും പ്രതീകമാണ് സ്പീക്കർ സ്ഥാനം. അത് നഷ്ടപ്പെടുത്താതെ നിലനിർത്തി എന്നാൽ എൻ ഡി ഏ യും ബിജെപിയും ആദ്യ പരീക്ഷ എളുപ്പം പാസ്സായി എന്ന് തന്നെയാണ് അർത്ഥം.