ന്യൂഡൽഹി: ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുക എന്നതാണ് സഭയുടെ ഉത്തരവാദിത്തമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. 18-ാമത് ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ പങ്കാളികളായ എല്ലാ വോട്ടർമാരെയും ലോക്സഭയുടെ പേരിൽ നന്ദി അറിയിക്കുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റേണ്ടത് സഭയുടെ ഉത്തരവാദിത്തമാണെന്നും അതിന് വേണ്ടി നാം പ്രയത്നിക്കണമെന്നും ഓം ബിർള പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തെ സഭ അപലപിക്കുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരാവസ്ഥയെ എതിർക്കുകയും പോരാടുകയും പ്രയത്നിക്കുകയും ചെയ്തവർക്ക് ഈയവസരത്തിൽ അഭിനന്ദനം അറിയിക്കുകയാണ്. സർക്കാരിന്റെ പിടിവാശി കാരണം ജീവൻ നഷ്ടപ്പെട്ടവരെയും ഈ നിമിഷം അനുസ്മരിക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ നശിപ്പിക്കപ്പെട്ട 1975 ജൂൺ 25 എന്ന ദിവസം ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കുമെന്നും ഓം ബിർള പറഞ്ഞു.















