എറണാകുളം: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ. പ്രതി രാഹുലിനെതിരെ ഫറോക്ക് എസിപി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ മൊഴിമാറ്റത്തിന് പിന്നിൽ രാഹുലിന്റെ ഭീഷണിയാകാമെന്നും ഇയാൾക്കെതിരെ പരാതി നൽകാൻ യുവതി നേരിട്ടാണ് സ്റ്റേഷനിലെത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പ്രതി ശ്രമിക്കുന്നത്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് തങ്ങൾക്കിടയിൽ സംഭവിച്ചതെന്ന പരാതിക്കാരിയുടെയും രാഹുലിന്റെയും വാദം തെറ്റാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഗുരുതര പരിക്കുകളോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. മെഡിക്കൽ പരിശോധനയിലും സാക്ഷി മൊഴികളിൽ നിന്നും രാഹുലിൽ നിന്നേറ്റ പരിക്കാണിതെന്ന് വ്യക്തമാണ്. സംഭവത്തിന് 11 ദിവസത്തിന് ശേഷം നൽകിയ രഹസ്യമൊഴിയിലും പരാതിയിൽ പറഞ്ഞ കാര്യങ്ങളാണ് യുവതി ആവർത്തിക്കുന്നത്. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചുവെന്ന രാഹുലിന്റെ വാദം അവിശ്വസനീയമാണെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
രാഹുൽ മദ്യപാനിയാണെന്നും ഭാവിയിലും അയാളിൽ നിന്ന് കൂടുതൽ പീഡനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. അതിനാൽ കസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തളളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫറോക്ക് എസിപിയാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.