ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്ത ഗായകൻ സോനു നിഗം. കുടുംബത്തോടൊപ്പമാണ് സോനു ക്ഷേത്ര ദർശനത്തിനെത്തിയത്. ഹെലികോപ്റ്ററിലെത്തിയ ഗായകന് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ വരവേൽപ്പാണ് നൽകിയത്. നിഗത്തിനെ കാണാനായി നിരവധി പേരാണ് ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്.
ഹെലികോപ്റ്ററിൽ നിന്നിറങ്ങി ക്ഷേത്രത്തിലേക്ക് നടക്കുന്ന നിഗത്തിന്റെ ചിത്രങ്ങൾ ആരാധകർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിൽ പങ്കെടുത്ത അദ്ദേഹം ക്ഷേത്ര പുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് മടങ്ങിയത്. ക്ഷേത്ര ഭാരവാഹികൾ നിഗത്തിന് ഉപഹാരങ്ങൾ സമ്മാനിച്ചു. മറ്റ് ഭക്തരോടൊപ്പം ജലാഭിഷേകത്തിലും അദ്ദേഹം പങ്കെടുത്തു.
ജുനൈദ് ഖാൻ, ജയ്ദീപ് അഹ്ലാവത്, ശാലിനി പാണ്ഡെ, ശർവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ മഹാരാജ് എന്ന ചിത്രത്തിലാണ് നിഗം അവസാനമായി ആലപിച്ചത്. ചിത്രത്തിൽ ‘അച്യുതം കേശവം’ എന്ന ഭക്തിഗാനമാണ് അദ്ദേഹം ആലപിച്ചത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു.















