കൊൽക്കത്ത: ബംഗാളിൽ ബിഎസ്എഫ് സൈനികന് നേരെ ആക്രമണം. അതിർത്തി പ്രദേശമായ പർഗാനസ് ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച സംഘമാണ് സൈനികനെ ആക്രമിച്ചത്.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് തടയുന്നതിനിടെയാണ് സൈനികന് നേരെ ആക്രമണം നടന്നത്. മാരകായുധങ്ങളുമായെത്തിയ സംഘം സൈനികനെ മർദ്ദിക്കുകയായിരുന്നു. സ്വയരക്ഷാർത്ഥം അക്രമികൾക്ക് നേരെ വെടിയുതിർത്തെങ്കിലും അക്രമികൾ രക്ഷപ്പെടുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആയുധങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് സൈനികന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നതായി ബിഎസ്എഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ബംഗ്ലാദേശ് ബോർഡർ ഗാർഡ്സുമായി ബിഎസ്എഫ് യോഗം ചേർന്നിരുന്നു.
രണ്ട് റൗണ്ട് വെടിയുതിർത്തെങ്കിലും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ബംഗാൾ അതിർത്തിക്ക് സമീപം സൈനികർക്ക് നേരെ ഇത്തരത്തിൽ നിരവധി ആക്രമണങ്ങൾ നടക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. അനധികൃത നുഴഞ്ഞുകയറ്റത്തെ തുടർന്ന് അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്..