കൊച്ചി: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. പടമുകൾ പള്ളിയിൽ നാല് മണിക്ക് കബറടക്കം.
സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്. സാപ്പിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സിദ്ദിഖും സഹോദരൻ ഷഹീൻ സിദ്ദിഖും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഓട്ടിസം ബാധിതനാണ് റാഷിൻ.
സാപ്പിയുടെ കഴിഞ്ഞ പിറന്നാൾ കുടുംബസമേതം ആഘോഷമാക്കിയിരുന്നു. ഷഹീന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് സാപ്പിയുടെ വിശേഷങ്ങൾ പുറം ലോകമറിയുന്നത്. സന്തോഷത്തോടെ കേക്ക് മുറിക്കുന്നതും സിദ്ദീഖും മറ്റ് കുടുംബാംഗങ്ങളും സാപ്പിക്ക് മധുരം വായിൽ വെച്ച് നൽകുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു.
ഷഹീന്റെ വിവാഹത്തിന് പിന്നാലെയാണ് സാപ്പിയെ ആരാധകർ അറിയുന്നത്. അതുവരെ സാപ്പിയെ പൊതുവിടങ്ങളിൽ സിദ്ദിഖ് കൊണ്ടുവരുകയോ മകനെ കുറിച്ച് സംസാരിക്കുകയോ ചെയ്തിരുന്നില്ല. ദിവ്യാംഗനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടർന്ന് മകന് സാധാരണ ജീവിതം നൽകാനുമായിരുന്നു സിദ്ദിഖ് മകനെ എല്ലാത്തതിൽ നിന്നും മാറ്റി നിർത്തിയത്.















