കണ്ണൂർ: പാർട്ടി വിട്ട ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസിനെതിരെ ഭീഷണി മുഴക്കി ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലൂടെയാണ് ആകാശ് തില്ലങ്കേരിയുടെ ഭീഷണി.
“പാർട്ടിക്കെതിരെ എന്തും വിളിച്ച് പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ കണ്ണൂരിലെ സംഘടനയ്‌ക്ക് വലിയ സമയം വേണ്ടെന്ന് ഓർത്താൽ നല്ലത്. കൂടെയുള്ളവർക്കും മാദ്ധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല” എന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റ് ചെയ്തത്. ഡിവൈഎഫ്ഐ നേതാവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് ആയാണ് ആകാശിന്റെ ഭീഷണി.
ക്വട്ടേഷൻ സംഘങ്ങളും പാർട്ടി നേതാക്കളും തമ്മിൽ ബന്ധമനുണ്ടെന്ന ആരോപണം വീണ്ടും ചർച്ചയായതോടെ പി. ജയരാജൻ മനു തോമസിനെതിരെ രംഗത്ത് വന്നിരുന്നു. . ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്. പിന്നാലെ പി. ജയരാജനെതിരെ മനുവും രംഗത്ത് വന്നിരുന്നു. പാർട്ടിയെ പല തവണ പ്രതിസന്ധിയിലാക്കിയ ആളാണെന്നും ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണെന്നും മനുവിന്റെ പോസ്റ്റിൽ പറയുന്നു. ക്വാറി മുതലാളിമാർക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിച്ചു. പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു. മകനെയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ല മറിച്ച് സ്വയം പുറത്ത് പോയതാണെന്നായിരുന്നു മനു തോമസ് തുറന്നടിച്ചത്. മനസ് മടുത്താണ് പുറത്ത് പോയതെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മനു വ്യക്തമാക്കിയിരുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മനു, 2023 ഏപ്രിലിന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുത്തിരുന്നില്ല. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ മനു നേരത്തെ പാർട്ടിക്ക് പരാതി നൽകിയത് ചർച്ചയായിരുന്നു.