ശബരിമലയ്‌ക്ക് പോകാൻ എനിക്ക് കെട്ടുനിറച്ച് തന്നിരുന്നത് കൈതപ്രമാണ്; അന്ന് തുടങ്ങിയ ബന്ധം; മോഹൻ സിത്താര പറയുന്നു…

Published by
Janam Web Desk

‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി തുടക്കം കുറിച്ച് മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച സംഗീത മാന്ത്രികനാണ് മോഹൻ സിത്താര. അദ്ദേഹത്തിന്റെ മിക്ക ഹിറ്റ് പാട്ടുകൾക്കും വരികൾ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. കൈതപ്രത്തെയും യൂസഫലി കേച്ചേരിയെയും ഒഴിച്ചു നിർത്തിക്കൊണ്ട് മോഹൻ സിത്താര ഇല്ല എന്ന് വേണമെങ്കിൽ പറയാം. അത്രയധികം ഹിറ്റുകളാണ് ഇവർ ചേർന്ന് ഒരുക്കിയിട്ടുള്ളത്. കൈതപ്രവുമായുള്ള ബന്ധം ചെറുപ്പം മുതൽ ആരംഭിച്ചതാണെന്ന് പറയുകയാണ് മോഹൻ സിത്താര. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൈതപ്രവുമായുള്ള ബന്ധത്തെ പറ്റി അദ്ദേഹം മനസ്സ് തുറന്നത്.

“ഞാനും കൈതപ്രവും തമ്മിലുള്ള ബന്ധം തരംഗിണിയിൽ പഠിക്കുമ്പോൾ മുതൽ ആരംഭിച്ചതാണ്. ഞാൻ തരംഗിണിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞി എന്ന സ്ഥലത്ത് പൂജാരിയാണ് കൈതപ്രം. അന്ന് ശബരിമലയ്‌ക്ക് പോയിരുന്ന സമയത്ത് അദ്ദേഹമാണ് എനിക്ക് കെട്ടു നിറച്ച് തന്നിരുന്നത്. റേഡിയോ സ്റ്റേഷനിൽ ചിത്ര, എംജി ശ്രീകുമാർ, കൈതപ്രം എന്നിങ്ങനെ ഞങ്ങൾ ഒരുപാട് ആളുകളുണ്ട്. അന്ന് കൈതപ്രം കോറസ് പാടുന്ന ആളാണ്. രാധാകൃഷ്ണൻ ചേട്ടന്റെ പാട്ടുകൾക്ക് ഓർക്കസ്ട്ര ഞാനായിരുന്നു ചെയ്തുകൊണ്ടിരുന്നത്. കൈതപ്രം കോറസ് പാടാൻ ഒരു ദിവസം അവിടെ വന്നു. ഒരു പാട്ടിന്റെ വരികൾ ശരിയാവാതെ വന്നതോടെ കൈതപ്രത്തോട് ഒരു പാട്ട് എഴുതി തരാൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. അന്ന് ഞാൻ വല്ലപ്പോഴും സിഗരറ്റ് വലിക്കുന്ന ആളായിരുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റിന്റെ പായ്‌ക്കറ്റിലാണ് കൈതപ്രം അവിടെയിരുന്ന് പാട്ട് എഴുതിയത്. അപ്പോൾ തന്നെ രാധാകൃഷ്ണൻ ചേട്ടൻ അത് കമ്പോസും ചെയ്തു. അങ്ങനെ ഉള്ള ഒരു ബന്ധമാണ് ഞാനും കൈതപ്രവും തമ്മിൽ”

“കുടുംബപുരാണം എന്നു പറഞ്ഞ സത്യേട്ടന്റെ പടത്തിനുവേണ്ടി ഞാൻ മദ്രാസിൽ പോയി. പാട്ടിന്റെ വരികൾ എഴുതുന്നത് കൈതപ്രം ആണെന്ന് സത്യേട്ടൻ പറഞ്ഞു. അന്ന് കൈതപ്രം എന്ന് പറഞ്ഞാൽ എനിക്കറിയില്ല, ഞാൻ അങ്ങനെ വിളിക്കാറുമില്ല. ഞാൻ തിരുമേനി എന്നാണ് അദ്ദേഹത്തെ വിളിക്കാറ്. ഞാൻ നോക്കിയപ്പോൾ തോളിൽ സഞ്ചി ഒക്കെ ഇട്ട് ഒരാൾ തല കുലുക്കി വരുന്നു. അപ്പോഴാണ് ഞാൻ അറിയുന്നത് ഇദ്ദേഹമാണ് കൈതപ്രം എന്ന്. എല്ലാ പാട്ടുകളും ഞങ്ങൾ പരസ്പരം കൊടുത്തും വാങ്ങിയും ആണ് ചെയ്തിരുന്നത്. അതിനാൽ തന്നെ ആ പാട്ടുകൾക്കൊക്കെ ഒരു ലൈഫ് ഉണ്ടായി”- മോഹൻ സിത്താര പറഞ്ഞു.

Share
Leave a Comment