കണ്ണൂർ: ഭീഷണി മുഴക്കിയ ആകാശ് തില്ലങ്കേരിക്കും റെഡ് ആർമിക്കും മറുപടിയുമായി സിപിഎമ്മിൽ നിന്ന് പുറത്തുപോയ മനു തോമസ്. ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി വന്നത് ക്വട്ടേഷൻ, സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിന്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ലെന്നും മനു തോമസ് പറഞ്ഞു.
പി. ജയരാജനെ സംവാദത്തിന് വിളിച്ചുകൊണ്ട് മനു തോമസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കരി തുടങ്ങിയ പാർട്ടി അനുഭാവികളും പി. ജയരാജനെ അനുകൂലിക്കുന്ന റെഡ് ആർമി സൈബർ ഗ്രൂപ്പും പരസ്യമായ ഭീഷണി മുഴക്കി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മനുവിന്റെ ഫേസ്ബുക്ക് പ്രതികരണം.
സംവാദത്തിന് ക്ഷണിച്ചതിന് പിന്നാലെ ഭീഷണിയുമായി രംഗത്ത് വരാനും, പാർട്ടിയെ സംരക്ഷിക്കാനും ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും മനു ചോദിക്കുന്നു. ടിപി വധവും ഷുഹൈബ് വധവും പോസ്റ്റിൽ ഓർമ്മപ്പെടുത്തുന്നുണ്ട്. ഒഞ്ചിയത്തും എടയന്നൂരും നടന്നത് വിപ്ലവമല്ലായിരുന്നില്ലെന്നും വൈകൃതമായിരുന്നുവെന്നും മനു ഫേസ്ബുക്കിൽ കുറിച്ചു.
ആരാന്റെ കണ്ണീരും സ്വപ്നവും തകർത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷൻ മാഫിയയുടെ സ്വർണ്ണപ്പണത്തിന്റെ തിളക്കത്തിലോ ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് ഇതൊക്കെ അറിയണമെന്നില്ലെന്നും മനു കുറിച്ചു. കൊല്ലാനാവുമെങ്കിലും നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ലെന്നും അതുകൊണ്ട് വ്യാജ സൈന്യങ്ങളെ തെല്ലും ഭയവുമില്ലെന്നും മനു കൂട്ടിച്ചേർത്തു.