ടാറ്റ ഗ്രൂപ്പെന്നാൽ ഇന്ത്യക്കാർക്ക് രത്തൻ ടാറ്റയാണ്. 85 കാരനായ രത്തൻ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് ഒഴിഞ്ഞിട്ട് 12 വർഷമായി. കഴിഞ്ഞ 5 വർഷമായി കുടുംബാംഗമല്ലാത്ത എൻ ചന്ദ്രശേഖരനാണ് ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തുള്ളത്. എന്നാൽ വീണ്ടും നേതൃമാറ്റത്തിന്റെ ചർച്ചകൾ നടക്കുന്നതയാണ് സൂചന. ഇതിനിടയിലാണ് മായ ടാറ്റയുടെ പേര് സജീവമാകുന്നത്.
ആരാണ് മായ ടാറ്റ
രത്തൻ ടാറ്റയുടെ അർദ്ധ സഹോദരന്റെ മകളാണ് മായ ടാറ്റയെന്ന 34 കാരി. രത്തൻ ടാറ്റയുടെ പിതാവ് നേവൽ ടാറ്റയ്‌ക്ക് 2 ഭാര്യമാരായിരുന്നു. സൂനി ടാറ്റയിലാണ് രത്തനും ജിമ്മിയും ജനിച്ചത്. രണ്ടാം ഭാര്യ സിമോണയിൽ ജനിച്ചതാണ് നോയൽ ടാറ്റ.
നോയലിന്റെ മൂന്ന് മക്കളിൽ ഒരാളാണ് മായ ടാറ്റ. ലിയ, നെവിൽ എന്നിവരാണ് മറ്റ് സഹോദരങ്ങൾ. നിലവിൽ ടാറ്റ മെഡിക്കൽ സെൻറർ ട്രസ്റ്റിന്റെ ബോർഡിൽ സേവനമനുഷ്ഠിക്കുകയാണ് മൂന്നുപേരും. ആദ്യം മൂന്ന് സഹോദരങ്ങളുടേയും പേര് ഗ്രൂപ്പിന്റെ തലപ്പത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും, ഇപ്പോൾ മായ ടാറ്റയാണ് വാർത്തകളിൽ നിറയുന്നത്.
അമ്മ വഴിയും ശതകോടീശ്വരിയാണ് മായ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയുടെ സഹോദരിയും അന്തരിച്ച ശതകോടീശ്വരൻ പല്ലോൻജി മിസ്‌ത്രിയുടെ മകളുമാണ് മായയുടെ അമ്മ ആലു മിസ്‌ത്രി. സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണെങ്കിലും മായ ഇതിനോടകം തന്നെ ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ച് കഴിഞ്ഞു.
യുകെയിലെ ബേയേഴ്‌സ് ബിസിനസ് സ്‌കൂളിലും വാർവിക്ക് യൂണിവേഴ്‌സിറ്റിയിലുമാണ് മായയുടെ പഠനം. ടാറ്റ ക്യാപിറ്റലിന്റെ കീഴിലുളള ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലാണ് കരിയർ മായ ആരംഭിച്ചത്. പിന്നീടവർ ടാറ്റ ഡിജിറ്റലിലേക്ക് മാറി. അവിടെ ടാറ്റ ന്യൂ ആപ്പ് വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് മായ ആയിരുന്നു. വല്യച്ഛൻ രത്തൻ ടാറ്റയെ പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും 34 കാരി സജീവമാണ്.
2011 ൽ രത്തൻ ടാറ്റ തന്നെ ഉദ്ഘാടനം ചെയ്ത കൊൽക്കത്ത ആസ്ഥാനമായുള്ള ക്യാൻസർ ആശുപത്രിയുടെ മേൽനോട്ടവും മായയ്‌ക്കുണ്ട്. ഏതാണ്ട് 140-ലധികം വർഷം ടാറ്റ കുടുംബമാണ് ടാറ്റാ ഗ്രൂപ്പിനെ നയിച്ചത്. പിന്നീട് ഇടയ്‌ക്ക് കുടുംബത്തിനു പുറത്തേക്ക് പോയ നേതൃസ്ഥാനം കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് കോർപ്പറേറ്റ് ലോകം, ഒപ്പം ഇന്ത്യൻ ജനതയും.