കോട്ടയം: അതിശക്തമായ മഴയിലും കാറ്റിലും കുമരകത്ത് വൻ നാശനഷ്ടങ്ങൾ. റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ ശക്തമായിട്ടാണ് കാറ്റ് വീശിയത്. റോഡിലൂടെ സഞ്ചരിച്ച വാഹനങ്ങളുടെ ദിശ തെറ്റി മറിഞ്ഞുവീണു. കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലായിരുന്നു സംഭവം. റോഡിലൂടെ പോവുകയായിരുന്നു ഓട്ടോറിക്ഷ ദിശ തെറ്റി പാടത്തേക്കാണ് മറിഞ്ഞു. നിയന്ത്രണം തെറ്റി ബൈക്ക് യാത്രക്കാര്‍ റോഡിലേക്കും വീണു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡിലേക്ക് വാഹനങ്ങൾ മറിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് ഇവിടെ അനുഭവപ്പെട്ടത്.
സമീപത്ത് പരസ്യ ബോർഡുകൾ മറിഞ്ഞുവീണ് വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ്, മേൽക്കൂര, വാട്ടർ ടാങ്ക് അടക്കം നിലംപൊത്തി. 60 ഓളം വാഴ ഉൾപ്പെടെയുള്ള കൃഷിയും നശിച്ചു. ഇതോടൊപ്പം വൈദ്യുതി ബന്ധവും തടസപ്പെട്ടിരുന്നു.