ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെയും ഭാര്യ ബുഷറ ബീവിയുടെയും ഹർജി തള്ളി ഇസ്ലാമാബാദ് കോടതി. ഇരുവരുടെയും വിവാഹം അയോഗ്യമാക്കപ്പെട്ട ഇദ്ദത്ത് കേസിലെ ശിക്ഷാ വിധിക്കെതിരായ ഹർജിയാണ് കോടതി തള്ളിയത്. ഇസ്ലാമാബാദിലെ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ 7 വർഷത്തെ തടവുശിക്ഷ ശരിവച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കേസ് ചൊവ്വാഴ്ച വിധിപറയാനായി മാറ്റിവച്ചിരുന്നു. അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അഫ്സൽ മജോക്കയാണ് വിധി പ്രഖ്യാപിച്ചത്. എന്നാൽ അഭിഭാഷകരും വനിതാ ആക്ടിവിസ്റ്റുകളും ഇദ്ദത്ത് കേസിലെ കോടതിവിധി സ്ത്രീകളുടെ അന്തസ്സിനും സ്വകാര്യതയ്‌ക്കും എതിരാണെന്ന് ആരോപിച്ചു. വിധിക്കെതിരെ ഇസ്ലാമാബാദിലും കറാച്ചിയിലും ആക്ടിവിസ്റ്റുകളുടെ പ്രതിഷേധ പ്രകടനവും നടന്നു.
മുസ്‌ലിം മതാചാരപ്രകാരം ബുഷാറാ ബീവി വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടുന്ന ഇടവേള (ഇദ്ദത്ത് കാലഘട്ടം) പാലിക്കാതെയാണ് ഇമ്രാൻ ഖാനെ വിവാഹം ചെയ്തതെന്ന മുൻ ഭർത്താവിന്റെ പരാതിയിലായിരുന്നു കോടതിവിധി. കേസിൽ ഫെബ്രുവരി 3 ന് വിധി പറഞ്ഞ ഇസ്ലാമാബാദ് കോടതി ദമ്പതികളെ 7 വർഷത്തെ തടവിന് ശിക്ഷിച്ചു. കൂടാതെ 500,000 പാകിസ്താൻ രൂപ പിഴയും ചുമത്തിയിരുന്നു.















