ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങളെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി റെയിൽവേ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് മേധാവി മനോജ് യാദവാണ് മൊബൈൽ ആപ്ലിക്കേഷനായ സംഗ്യാൻ പുറത്തിറക്കിയത്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെയും ആഴത്തിലുള്ള വിശകലനം ഇതിൽ ലഭ്യമാകും.
കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവയാണ് മൂന്ന് ക്രിമിനൽ നിയമങ്ങൾ. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്‌ക്ക് പകരമാണ് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
സംഗ്യാൻ ആപ്പ് ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ആപ്പ് ഉപയോക്താക്കൾക്ക് എവിടെയിരുന്നായാലും ഈ നിയമങ്ങൾ സൗകര്യപ്രദമായി വായിക്കാനും തിരയാനും റഫർ ചെയ്യാനും കഴിയും. പഴയതും പുതിയതുമായ നിയമത്തിലെ മാറ്റങ്ങളും വ്യവസ്ഥകളും മനസിലാക്കുവാൻ റെയിൽവേ ഉദ്യോഗസ്ഥരെയും ഇത് സഹായിക്കുമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് മേധാവി പറഞ്ഞു.
പുതിയ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ വിപുലമായ പ്രചാരണ പരിപാടികളാണ് സർക്കാർ തലത്തിൽ ഒരുങ്ങുന്നത്. ഇതിനൊപ്പമാണ് മൊബൈൽ ആപ്പിലൂടെ റെയിൽവെയും ബോധവൽക്കരണത്തിന് ഒരുങ്ങുന്നത്.















