ന്യൂഡൽഹി: ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഒവൈസി ഇക്കാര്യം അറിയിച്ചത്. ഗേറ്റിനോട് ചേർന്ന് മതിലിലെ നെയിം പ്ലേറ്റിലാണ് കരി ഓയിൽ ഒഴിച്ചത്.
ഡൽഹി പൊലീസിന്റെ മൂക്കിന് താഴെയാണ് സംഭവം നടന്നതെന്നും അവർ നിസ്സഹായരായി മാറിയെന്നും അസദുദ്ദീൻ പറഞ്ഞു. പരാതി അറിയിച്ചതനുസരിച്ച് ഡൽഹി പൊലീസ് സ്ഥലത്തെത്തി. അമിത് ഷായുടെ നോട്ടപ്പിശക് കൊണ്ടാണ് അക്രമം ഉണ്ടായതെന്നാണ് ഒവൈസിയുടെ ആരോപണം. എംപിമാരുടെ സുരക്ഷ ഉറപ്പുതരുന്നുണ്ടോ ഇല്ലയോ എന്ന് ചോദിച്ച് സ്പീക്കർ ഓംബിർലയെയും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ അസദുദ്ദീൻ ഒവൈസി ജയ് പാലസ്തീൻ മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു.