കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ മകൻ ജെയിൻ രാജിനെതിരെ ഗുരുതര ആരോപണവുമായി പാർട്ടിയിൽ നിന്നും പുറത്തുപോയ മനു തോമസ്. ജെയിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഓർഡിനേറ്ററാണെന്നും റെഡ് ആര്‍മിക്ക് പിന്നിൽ ഇയാളാണെന്നും മനു തോമസ് ആരോപിക്കുന്നു.
പി ജയരാജനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി. ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു.ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായെന്നും മനു തുറന്നടിച്ചു.
അടുത്തിടെയായി സൈബറിടത്തിൽ ഏറ്റുമുട്ടുകയാണ് മനു തോമസും പി. ജയരാജനും. പി. ജയരാജനെ സംവാദത്തിന് വിളിച്ചുകൊണ്ട് മനു തോമസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരി മനു തോമസിനെതിരെ ഭീഷണി മുഴക്കി രംഗത്ത് വന്നിരുന്നു.
ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി വന്നത് ക്വട്ടേഷൻ, സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിന്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് മനു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. പി. ജയരാജനെ അനുകൂലിക്കുന്ന റെഡ് ആർമി സൈബർ ഗ്രൂപ്പിനും മനു തോമസ് മറുപടി നൽകിയിരുന്നു.