കനലെരിഞ്ഞ കഥകളും കണ്ണ് നനയിച്ച കഥാപാത്രങ്ങളും; കലർപ്പില്ലാത്ത കഥാശിൽപ്പി ലോഹി​തദാസിന് ഓർമപ്പൂക്കൾ

Published by
Janam Web Desk

മലയാളി സിനിമാ ലോകത്ത് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് മലയാളികളുടെ മനസിൽ സിനിമയുടെ മാന്ത്രികജാലം തുറന്ന സംവിധായകനും തിരക്കഥാകൃത്തുമായ ലോ​ഹിതദാസ് ഓർമയായിട്ട് ഇന്ന് 15 വർഷം. മലയാള സിനിമാ ലോകത്ത് നിന്ന് മണ്മറഞ്ഞ സംവിധായകന്റെ ചിത്രങ്ങളിലൂടെയും കനലെരിയുന്ന കഥാപാത്രങ്ങളിലൂടെയും ഇന്നും നാം അദ്ദേഹത്തെ ഓർമിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ, തൊണ്ണൂറുകളിലെ മലയാള സിനിമയുടെ നട്ടെല്ലായിരുന്നു ലോഹിതദാസ്.

മലയാളത്തിലെ പല മുൻനിര താരങ്ങളെയും സിനിമാ എന്ന മാന്ത്രിക ലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംവിധായകനാണ് അദ്ദേഹം. മലയാളികൾക്ക് ചുറ്റും കാണുന്ന കഥാപാത്രങ്ങളെ സ്ക്രീനിലേക്ക് കൊണ്ടുവന്ന് പ്രേക്ഷകരുടെ കൈയ്യടി നേടിയ പ്രതിഭ. ​ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരന്റെ ജീവിതം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ് തന്റെ എഴുത്തിലൂടെ ലോഹിതദാസ് ശ്രമിച്ചിരുന്നത്.

സിനിമാ ലോകത്ത് പദ്മരാജനും ഭരതനും ശേഷം ഹൃദയത്തോട് ചേർത്ത് വയ്‌ക്കാനാവുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച ലോഹിതദാസിന്റെ ഈ ഓർമദിനത്തിൽ നിരവധി പേരാണ് അദ്ദേഹ​ത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നത്. യാഥാർത്ഥ്യ ബോധവും വിഷാദാത്മകവും സമകാലീനവുമായ വിഷയങ്ങളിലൂടെ ജനജീവിതങ്ങളുടെ മടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയ കലാകാരനാണ് അദ്ദേഹം. ഒരു നൊമ്പരത്തോടെ അല്ലാതെ ലോ​ഹിതദാസിനെ ഓർമിക്കാൻ മലയാളികൾക്കാകില്ല.

നാടകത്തിലൂടെ എത്തി തിരക്കഥാകൃത്തായും സംവിധായകനായും ​ഗാനരചിയതാവായും മലയാളി സിനിമാ ലോകത്ത് വിഹരിച്ച ലോഹിതദാസ് 2009 ജൂൺ 28-നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹ​ത്തിന്റെ കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഇന്നും ജീവിക്കുകയാണ് ലോഹിതദാസ്. കുടുംബപുരാണം, മൃ​ഗയ, അമരം, ഭാരതം, കമലദളം, കന്മദം, കിരീടം, ചെങ്കോൽ, വാത്സല്യം തുടങ്ങിയ അമ്പതോളം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുനനയിച്ച, ചിരിപ്പിച്ച, ത്രസിപ്പിച്ച കലാകാരന്റെ വേർപാട് മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.

Share
Leave a Comment