എട്ടടി ഉയരമുള്ള കണ്ണാടികളും , ആയിരക്കണക്കിന് സൈനികരും : ‘രാമായണ’ത്തിലെ രാമ-രാവണ യുദ്ധം ചിത്രീകരിച്ചത് ഇങ്ങനെ….

Published by
Janam Web Desk

രാമാനന്ദ് സാഗറിന്റെ രാമായണത്തിന് ഇന്നും പ്രേക്ഷകർ ഏറെയാണ് . അത്യാധുനിക സാങ്കേതിക വിദ്യകൾ പോലും ഇല്ലാത്ത അക്കാലത്ത് ‘രാമായണ’ത്തിലെ യുദ്ധരംഗങ്ങൾ വളരെ ഉജ്ജ്വലമായാണ് ചിത്രീകരിച്ചത്. ‘രാമായണ’ത്തിൽ ശ്രീരാമൻ രാവണനുമായി യുദ്ധം ചെയ്യുന്ന ഒരു രംഗം ഉണ്ടായിരുന്നു . ഇന്നും രാമായണത്തിന്റെ പ്രേക്ഷകർ ഏറെ ആസ്വദിക്കുന്ന രംഗമാണിത് .

ഈ രംഗത്തിൽ നിരവധി സൈനികരെയും നമുക്ക് കാണാം. എന്നാൽ ഈ സൈനികർ യഥാർത്ഥത്തിൽ അവിടെ ഉണ്ടായിരുന്നോ? അതോ എല്ലാം വെറും മിഥ്യയായിരുന്നോ എന്നൊക്കെ വ്യക്തമാക്കുകയാണ് ‘രാമായണ’ത്തിലെ ലക്ഷ്മണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുനിൽ ലാഹിരി . ട്വിറ്ററിൽ പങ്ക് വച്ച വീഡിയോയിലാണ് ഈ രംഗം ചിത്രീകരിച്ചത് എങ്ങനെയെന്ന് ലാഹിരി പറയുന്നത് .

രാവണന്റെയും രാമന്റെയും പിന്നിൽ ഒരു വലിയ സൈന്യം യുദ്ധം ചെയ്യുന്നതായാണ് കാണുന്നതെങ്കിലും യഥാർത്ഥത്തിൽ അത് വളരെ കുറച്ച് ആളുകളെ ഉപയോഗിച്ചാണ് ചിത്രീകരിച്ചതെന്ന് ലാഹിരി പറയുന്നു.

ഈ രംഗം ചിത്രീകരിക്കാൻ എട്ടടിയോളം ഉയരമുള്ള കൂറ്റൻ കണ്ണാടികൾ കൊണ്ടുവന്നതായും സുനിൽ ലാഹിരി പറഞ്ഞു. ഈ കണ്ണാടികൾ ഒരു സ്റ്റുഡിയോയ്‌ക്കുള്ളിൽ സ്ഥാപിച്ചു. ,കണ്ണാടിയിൽ കാണാത്ത തരത്തിലാണ് ക്യാമറ ക്രമീകരിച്ചത് . ഈ സജ്ജീകരണത്തോടെ, ധാരാളം ആളുകൾ അവിടെ ഉണ്ടായിരുന്നതായി തോന്നുന്ന ഒരു ഇഫക്റ്റ് സൃഷ്ടിക്കപ്പെട്ടു. ഈ വിദ്യ ഉപയോഗിച്ച്, ഈ ദൃശ്യത്തിന്റെ വലിയ ചിത്രങ്ങൾ ഉണ്ടാക്കി രാവണന്റെയും രാമന്റെയും പിന്നിൽ സ്ഥാപിച്ചു. അങ്ങനെയാണ് രാമന്റെയും രാവണന്റെയും യുദ്ധരംഗം ചിത്രീകരിച്ചത്.

ഇതുകൂടാതെ ‘രാമായണ’ത്തിന്റെ ഷൂട്ടിംഗിൽ പല തരത്തിലുള്ള തന്ത്രങ്ങളും സ്വീകരിച്ചിരുന്നതായി ലാഹിരി പറയുന്നു. ഉദാഹരണത്തിന്, ആകാശത്ത് മൂടൽമഞ്ഞ് കാണിക്കേണ്ടി വന്നപ്പോൾ, ധൂപപുക ഇതിനായി ഉപയോഗിച്ചു. പരുത്തിയുടെ സഹായത്തോടെ മേഘങ്ങൾ ഉണ്ടാക്കി. ആ സമയത്ത് രാമാനന്ദ് സാഗറിന്റെ പക്കൽ ‘രാമായണം’ നിർമ്മിക്കാൻ ആവശ്യമായ പണം ഉണ്ടായിരുന്നില്ല ധനസമാഹരണത്തിനായി അദ്ദേഹം നിർമ്മിച്ച ‘വിക്രം ഔർ ബേതൽ’ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇതിനുശേഷമാണ് ‘രാമായണ’ത്തിന് സ്‌പോൺസർമാരെ ലഭിച്ചതെന്നും ലാഹിരി പറയുന്നു.

Share
Leave a Comment