‘രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കരുത്’; ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിന് മുമ്പേ ചേലക്കരയിൽ തമ്മിലടിച്ച് കോൺ​ഗ്രസ് പ്രവർത്തകർ

Published by
Janam Web Desk

തൃശൂർ: ഉപതെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ചേലക്കരയിൽ തമ്മിലടിച്ച് കോൺ​ഗ്രസ് പ്രവർത്തകർ. നിയമസഭാ സ്ഥാനാർത്ഥിയായി മുൻ എംപി രമ്യാ ഹരിദാസിന്റെ പേര് ഉയർന്നതോടെ ഒരു വിഭാ​ഗം പ്രവർത്തകർ ചേരി തിരിഞ്ഞ് പോസ്റ്റർ യുദ്ധം ആരംഭിച്ചു. രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ‌ആവശ്യപ്പെട്ടാണ് ഒരു കൂട്ടം പ്രവർത്തകർ പോസ്റ്റർ യുദ്ധം ആരംഭിച്ചത്.

എഎസിസി അം​ഗം എൻകെ സുധീർ ഉൾപ്പെടെയുള്ള നേതാക്കൾ സീറ്റ് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നുവെന്ന അഭ്യൂഹം പരന്നതോടെയാണ് ഒരു വിഭാ​ഗം പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചത്.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ജില്ലയിലെ മുതിർന്ന നേതാക്കൾ സീറ്റ് ആവശ്യപ്പെട്ട് രം​ഗത്ത് വന്നിട്ടുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി ദാസൻ, എഎസിസി അം​ഗം എൻകെ സുധീർ, യൂത്ത് കോൺ​ഗ്രസ് നേതാക്കളായ സുനിൽ, അരുൺ കുമാർ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

രമ്യാ ഹരിദാസിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നിൽ കോൺ​ഗ്രസ് പ്രവർത്തകർ അല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.

അതേസമയം, പോസ്റ്ററുകൾ പതിപ്പിച്ചവർക്കെുതിരെ നിയമ നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പിഎ ഷാനവാസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോസ്റ്റർ പതിപ്പിച്ചവരെ കണ്ടെത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

Share
Leave a Comment