കൃഷ്ണ ചിത്രങ്ങൾ വരച്ച് മലയാളികളുടെ മനം കവർന്ന കലാകാരിയാണ് ജസ്ന സലീം. മുസ്ലീം മതവിശ്വാസിയായ ഒരാൾ കൃഷ്ണ ചിത്രം വരച്ചത് ആ സമുദായത്തിലെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരിൽ വലിയ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും ജസ്ന നേരിട്ടിരുന്നു. ബന്ധുക്കൾ പോലും വളരെ മോശമായാണ് ആ കലാകാരിയോട് പ്രതികരിച്ചത്. ജസ്നയുടെ മകന് മദ്രസയിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടി വന്നു. ഒരുപാട് ദുരിതം അനുഭവിക്കേണ്ടി വന്നതോടെ ആത്മഹത്യ ചെയ്യാൻ വരെ അവർ ശ്രമിക്കുകയുണ്ടായി. തനിക്കുണ്ടായ ബുദ്ധിമുട്ടുകളെപ്പറ്റി പ്രതികരിക്കുകയാണ് ജസ്ന. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജസ്ന മനസ് തുറന്നത്.
“എന്റെ മക്കളുടെയോ ഭർത്താവിന്റെയോ മുഖം സോഷ്യൽ മീഡിയയിൽ ഞാൻ കൊണ്ടുവരാറില്ല. അതിന് കാരണം എന്റെ മകനുണ്ടായ പ്രശ്നമാണ്. മദ്രസയിൽ വച്ച് എന്റെ മകനെ ഉസ്ദാസ് ഉപ്രദവിച്ചിരുന്നു. എന്റെ മകനായതു കൊണ്ടാണ് അങ്ങനെ ഉണ്ടായത്. അവിടെ പഠിക്കുന്ന മറ്റ് കുട്ടികൾക്കാർക്കും അങ്ങനെ ഉണ്ടായിട്ടില്ല. എന്റെ മകനാണ് എന്നത് അറിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. മദ്രസ എന്ന് കേൾക്കുമ്പോൾ അവന് പേടിയാണ്. ഞാനായിരുന്ന അവർക്ക് പ്രശ്നം. അങ്ങനെ മദ്രസ പഠനം നിർത്തി. അന്ന് കേസ് കൊടുക്കാതിരുന്നത് ഭയന്നിട്ടാണ്. കൃഷ്ണന്റെ ചിത്രം വരയ്‌ക്കുന്നതാണ് എല്ലാവർക്കും പ്രശ്നം”.
“എന്നെപ്പറ്റി കുറ്റം പറയുന്ന ഉസ്താദുമാർക്ക് യുട്യൂബ് വഴി വീഡിയോ ചെയ്യുന്നതിന് പ്രശ്നമില്ല. അവർ ആ വഴി പൈസ ഉണ്ടാക്കുന്നു. ഞാൻ നല്ല അന്തസായി വരച്ചാണ് ജീവിക്കുന്നത്. അല്ലാതെ ആരെയും കുറ്റം പറഞ്ഞല്ല. അന്യ സ്ത്രീകളെപ്പറ്റി കുറ്റം പറഞ്ഞ് അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ജീവിക്കുന്നവരാണ് പല ഉസ്താദുമാരും. എന്നോട് എന്റെ സഹോദരൻ പറഞ്ഞതും ഒരുപാട് വേദനിപ്പിച്ചു.
“നീ വേശ്യാവൃത്തിക്ക് ഇറങ്ങിക്കോ, ഞാൻ നിനക്ക് സപ്പോർട്ടായി വരാം. എവിടെ വേണമെങ്കിലും കൊണ്ടുപോകാം. പക്ഷെ, കൃഷ്ണനെ വരയ്‌ക്കുന്നത് മോശമാണ് എന്നായിരുന്നു സഹോദരൻ എന്നോട് പറഞ്ഞത്. എന്റെ ഉമ്മയുടെ അനിയത്തിയുടെ മകനാണ് അങ്ങനെ പറഞ്ഞത്. അന്ന് എനിക്ക് ഭയങ്കര സങ്കടം തോന്നി. എന്റെ പിടുത്തം വിട്ടുപോയപ്പോൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. കയ്യിലെ ഞരമ്പ് മുറിച്ചു. ഞാൻ എന്ത് തെറ്റാണ് ചെയ്തത്”-ജസ്ന പറഞ്ഞു.