കൊച്ചി: കൊച്ചിൻ ഷിപ്യാർഡിന്റെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്യാർഡിന് (UCSL) നോർവയിൽ നിന്ന് 1,100 കോടി രൂപയുടെ കപ്പൽ നിർമാണ കരാർ. നോർവെ ആസ്ഥാനമായ വിൽസൺ എഎസ്എ എട്ട് 6300 TDW ഡ്രൈ കാർഗോ വെസലുകൾ നിർമിക്കാനുള്ള കരാറാണ് നൽകിയിരിക്കുന്നത്.
നെതർലൻഡിലെ കൊനോഷിപ് ഇൻ്റർനാഷണലാണ് രൂപകൽപന. 6300 TDW ഡ്രൈ കാർഗോ വെസലുകൾക്ക് 100 മീറ്റർ നീളവും 6,300 ടൺ ഭാരവുമുണ്ട്. 2028 സെപ്റ്റംബറിനകം നിർമാണം പൂർത്തിയാക്കി യാനങ്ങൾ കൈമാറും. നാല് കപ്പലുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. നാല് കപ്പലുകൾ കൂടി നിർമിക്കുന്നതിനുള്ള തുടർ കരാർ വ്യവസ്ഥയും നിലവിലെ കരാറിലുണ്ട്. കപ്പൽ നിർമാണം ഉഡുപ്പിയിലെ യാർഡിൽ പുരോഗമിക്കുകയാണ്.
ആറ് 3800 TDW ഡ്രൈ കാർഗോ വെസലുകളുടെ രൂപകൽപനയ്ക്കും നിർമാണത്തിനുമായി കഴിഞ്ഞ ജൂണിൽ കരാർ ലഭിച്ചിരുന്നു. ഇതിന്റെ നിർവഹണ മികവ് പരിഗണിച്ചാണ് പുതിയ കരാർ. കൊച്ചി ഷിപ്യാർഡ് ലിമിറ്റഡ് ഏറ്റെടുത്ത ശേഷം യുസിഎസ്എൽ രണ്ട് 62 ടി ബൊള്ളാഡ് പൂൾ ടഗുകൾ അദാനി ഹാർബർ സർവീസസ് ലിമിറ്റഡിന്റെ ഉപ സ്ഥാപനമായ ഓഷൻ സ്പാർക്കിൾ ലിമിറ്റഡും 70 ടി ബൊള്ളാഡ് പൂൾ ടഗുകൾ ഫോൾസ്റ്റാ്ർ മാരിടൈം ലിമിറ്റഡും നിർമിച്ച് നൽകിയിരുന്നു.















