തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ പ്രതികരണവുമായി ഗവർണർ. താൻ പലതവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവ്വകലാശാലകൾ പ്രതിനിധികളെ നൽകാൻ തയ്യാറായില്ല. തന്റെ ജോലി കൃത്യമായി നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും അതാർക്കും തടയാനാകില്ലെന്നും ഗവർണർ പറഞ്ഞു.
കേരളത്തിൽ പത്തിലധികം യൂണിവേഴ്സിറ്റികളിൽ ഇപ്പോഴും വൈസ് ചാൻസലർമാരില്ല. കഴിഞ്ഞ ഒരു വർഷമായി പല ഘട്ടങ്ങളിലും സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ നോമിനികൾ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കേരള സർവകലാശാലയ്‌ക്ക് മാത്രം 6 തവണയാണ് നോട്ടീസ് നൽകിയത്. ഇതിനായി അവസാനം നടത്തിയ യോഗത്തിൽ വിദ്യാഭ്യാസമന്ത്രിയെത്തി അത് അലങ്കോലപ്പെടുത്തി. ഇത് മനഃപൂർവം നിയമം കയ്യിലെടുക്കാനുള്ള നടപടികളായാണ് കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“വിസി നിയമനത്തിൽ തന്റെ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. കോടതിവധിയനുസരിച്ച് സർവ്വകലാശാലകൾ ഒരുമാസത്തിനുള്ളിൽ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ചാൻസലർക്ക് നിയമങ്ങൾക്കും യുജിസി മാനദണ്ഡങ്ങൾക്കും അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാം,” ഗവർണർ പറഞ്ഞു. മന്ത്രി ആർ ബിന്ദുവിന്റെ വിമർശനം അർഥശൂന്യമായ പരാമർശമാണെന്നും ഗവർണർ പറഞ്ഞു.
സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജ്ഭവൻ ഇന്നലെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എംജിയു, കുഫോസ്, കെടിയു, കെഎയു, മലയാളം സർവ്വകലാശാലകളിലെ വി സി നിയമനവുമായി ബന്ധപ്പെട്ടാണ് സെർച്ച് കമ്മറ്റി രൂപീകരിച്ചത്. യു ജി സി റെഗുലേറ്ററി ആക്ട് പ്രകാരമാണ് സെർച്ച് കമ്മിറ്റിയുടെ രൂപീകരണം.