ബെംഗളൂരു: ഗോബി മഞ്ചൂരിയനും കബാബിനും പിന്നാലെ പാനി പൂരിയിലും കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തി കർണാടക ഭക്ഷ്യ സുരക്ഷാ വിഭാഗം. പാനി പൂരി വിൽക്കുന്ന വഴിയോര കച്ചവടക്കാരെ കേന്ദ്രീകരിച്ച് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിലാണ് സിന്തറ്റിക് നിറങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ബെംഗളൂരു ഉൾപ്പെടെ 79 സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. പാനി പൂരിക്കൊപ്പം നൽകുന്ന സോസിലും എരിവും മധുരവും കലർന്ന മുളകുപൊടി മിശ്രിതത്തിലും അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഭൂരിഭാഗം സാമ്പിളുകളിലും മഞ്ഞ, നീല, കാർമൊയ്സിൻ നിറങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗങ്ങൾക്ക് അടക്കം കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
കൃത്രിമ നിറങ്ങളുടെ സാന്നിധ്യം വലിയതോതിൽ സ്ഥിരീകരിച്ചതോടെ പാനി പൂരിയിൽ സോസ്, മുളകുപൊടി മുതലായവയ്‌ക്ക് നിരോധനമേർപ്പെടുത്താനാണ് കർണാടക സർക്കാരിന്റെ തീരുമാനം. അടുത്തിടെ കബാബ്, ഗോബി മഞ്ചൂരിയൻ തുടങ്ങിയവയിലും കൃത്രിമ നിറങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.















