സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ, ഓരോ വീട്ടിലും മൂന്ന് ​പാചക വാതക സിലിണ്ടർ; ക്ഷീര കർഷകർക്ക് സബ്സിഡി; സുപ്രധാന പ്രഖ്യാപനങ്ങളുമായി മഹാരാഷ്‌ട്ര സർക്കാർ

Published by
Janam Web Desk

മുംബൈ: സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ലഭിക്കുന്ന മജ്ഹി ലഡ്‌കി ബഹിൻ പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. 2024-25 വർഷത്തെ ബജറ്റ് അവതരണത്തിനിടെയാണ് സുപ്രധാന പ്രഖ്യാപനം. 21-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് സഹായം ലഭിക്കുക. കേന്ദ്രം നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് സമാനമായാകും പുതിയ പദ്ധതിയും.

ജൂലൈ മുതൽ പ​ദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിക്കായി 46,000 കോടി രൂപ അനുവദിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. ‘മുഖ്യമന്ത്രി അന്നപൂർണ യോജന’ പ്രകാരം അഞ്ച് പേരടങ്ങുന്ന അർഹരായ കുടുംബത്തിന് എല്ലാ വർഷവും മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി ലഭിക്കുമെന്ന് ധനമന്ത്രി അജിത് പവാർ പറഞ്ഞു. ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി തുടരുമെന്നും ധനമന്ത്രി അറിയിച്ചു. ലിറ്ററിന് അഞ്ച് രൂപയാണ് സബ്സിഡിയായി ലഭിക്കുക. രജിസ്റ്റർ ചെയ്ത 2.93 ലക്ഷം പാൽ ലിറ്ററിന് 5 രൂപ നിരക്കിൽ 223.83 കോടി രൂപ സബ്‌സിഡിയായി വിതരണം ചെയ്തിട്ടുണ്ടെന്നും ബാക്കി സബ്‌സിഡി ഉടൻ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആടു-കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മത്സ്യ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും അജിത് പവാർ ബജറ്റവതരണത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പുതുതായി 18 മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്നും പവാർ കൂട്ടിച്ചേർത്തു. ഓരോ ജില്ലയിലും 430 കിടക്കകളുള്ള ആശുപത്രിയാകും നിർമിക്കുക. ഓരോ ആശുപത്രിയിലും100 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമുണ്ടാകും. റായ്ഗഡിൽ യുനാനി മെഡിക്കൽ കോളേജും ബുൽധാന ജില്ലയിൽ ആയുർവേദ കോളേജും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് ‘ഗാവ് ദത്തേ ഗോദം’ എന്ന പദ്ധതി നടപ്പിലാക്കുമെന്നും 100 പുതിയ ഗോഡൗണുകളുടെ നിർമ്മാണവും നിലവിലുള്ള ഗോഡൗണുകളുടെ അറ്റകുറ്റപ്പണികളും ആദ്യഘട്ടത്തിൽ പൂർത്തിയാക്കുമെന്നും ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാർ പറഞ്ഞു.

Share
Leave a Comment