കൊല്ലം: തെന്മലയിൽ യുവതിക്ക് നേരെ ആക്രമണം. ചെറുക്കടവ് പതിനാലേക്കർ മധു ഭവനിൽ സുരജയ്‌ക്കാണ് മർദ്ദനമേറ്റത്. പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഒരുകൂട്ടം സ്ത്രീകൾ സുരജയെ വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ഇസാഫ് മൈക്രോ ലോൺ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. തൃശൂരിലെ സ്വകാര്യ പണമിടപാട് കമ്പനിയിലാണ് സുരജ ജോലി ചെയ്യുന്നത്. അടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സ്ത്രീകൾക്ക് പണം നഷ്ടമായെന്നാരോപിച്ചായിരുന്നു മർദ്ദനം. സുരജയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗീത, മാളു, ജയ, വസന്തകുമാരി, സരിത എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
അനധികൃതമായി വീട്ടിൽ കയറി സംഘം ചേർന്ന് മർദ്ദിക്കുക, ബഹളം ഉണ്ടാക്കുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സ്ത്രീകൾക്കെതിരെ കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സുരജ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രേഖകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.















