രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ബൃഹത്തായ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ലോകമുറ്റു നോക്കിയപ്പോൾ ഭാരതം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തിറങ്ങി. ലാൻഡറിൽ നിന്ന് റോവർ ഇറങ്ങിയ നിമിഷം ഓരോ ഭാരതീയനും നൊഞ്ചോട് ചേർത്ത് വയ്‌ക്കുകയാണ്. ഇന്ത്യയെ ഇന്ദുവോളം എത്തിച്ച ഇടത്തിന് പ്രധാനമന്ത്രി ശിവശക്തി പോയിൻ്റ് എന്ന് പേരും നൽകിയിരുന്നു.
നാലാം ചാന്ദ്ര ദൗത്യം ശിവശക്തി പോയിൻ്റിൽ നിന്ന് പാറക്കല്ലുകൾ എത്തിക്കാൻ ലക്ഷ്യമിടുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് സാധ്യമാകുമെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
2040-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ പദ്ധതിയിടുന്നു. ഇതിന് മുന്നോടിയായി മനുഷ്യനെ ബഹിരാകാശത്തും ചാന്ദ്ര ഭ്രമണപഥത്തിലും എത്തിച്ച് പരീക്ഷണ ദൗത്യങ്ങൾ വിജയകരമാക്കണം. ആളില്ലാ പരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ മനുഷ്യനെ എത്തിക്കാൻ കഴിയൂ. ഇതിന്റെ ഭാഗമായാണ് ചന്ദ്രോപരിതലത്തിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സാമ്പിളുകൾ എത്തിക്കുന്നത് വഴി സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിൽ വ്യക്തത വരും. എത്ര ഭാരം ഉൾക്കൊള്ളാൻ സാധിക്കുമെന്ന് അറിയാൻ കഴിയും. മനുഷ്യനെ വച്ച് ഇത്തരം പരീക്ഷണങ്ങൾ ചെയ്യാൻ പരിമിതിയുണ്ടെന്നും ആദ്യ പടിയെന്നവണ്ണമാണ് സാമ്പിളുകൾ എത്തിച്ച് പരീക്ഷിക്കുന്നതെന്നും സോമനാഥ് പറഞ്ഞു. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി പുത്തൻ റോക്കറ്റും പണിപ്പുരയിാലണെന്നും അദ്ദേഹം അറിയിച്ചു. ‘സൂര്യ’ എന്നാകും ഇതിന്റെ പേരെന്നും അദ്ദേഹം വെളിപ്പെടുത്തി.