പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ മർദ്ദിക്കാൻ ശ്രമിച്ചത്. ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ഇയാൾ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കായംകുളത്ത് നിന്ന് അടൂരിലേക്കുള്ള അവസാനത്തെ ട്രിപ്പായിരുന്നു ഇത്. ഇതിനിടയിൽ ബസ് ആദിക്കാട്ടുക്കുളങ്ങരയെത്തിയപ്പോൾ യാത്രക്കാരുടെ എണ്ണമെടുത്ത മനീഷിന് ഒരാൾ ടിക്കറ്റ് എടുത്തിട്ടില്ലെന്ന് മനസിലായി. തുടർന്ന് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതോടെ ഒരാൾ കണ്ടക്ടറിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതടക്കമുള്ള വിഷയങ്ങളിൽ ഇയാൾ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. മർദ്ദിക്കാൻ ശ്രമിക്കുന്ന യാത്രക്കാരന്റെ വീഡിയോയടക്കമുള്ള തെളിവുകളുമായാണ് പൊലീസിൽ മനീഷ് പരാതിപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.