പാരീസ്: ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലാന്റ് രാജ്യങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിലും പേമാരിയിലും 5 പേര് മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മൂന്ന് പേർ ഫ്രാൻസിലെ ഓബ് മേഖലയിൽ നിന്നുള്ള വയോധികരാണ്. കൊടുംകാറ്റിൽ മരം കടപുഴകി ഇവർ സഞ്ചരിച്ച കാറിൽ വീഴുകയായിരുന്നു.പരിക്കേറ്റ നാലാമത്തെ ആൾ ഗുരുതരാവസ്‌ഥയിലാണ്.
അതേസമയം അയൽ രാജ്യമായ സ്വിറ്റ്സർലാന്റിൽ കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും 2 പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ആൽപൈൻ മേഖലയിൽ അവധി ആഘോഷിക്കാനെത്തിയ രണ്ട് സ്ത്രീകളാണ് മരിച്ചത്. വിവിധമേഖലകളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ കാരണം രക്ഷാദൗത്യം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച തെക്കുകിഴക്കൻ സ്വിറ്റ്സർലാന്റിൽ അതി ശക്തമായ മഴ പെയ്തതിനെത്തുടർന്ന് ഒരാൾ മരിക്കുകയും നിരവധി നാശ നഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. കാലാവസ്‌ഥാ വ്യതിയാനമാണ് രാജ്യത്തെ മോശം കാലാവസ്‌ഥാ സാഹചര്യങ്ങൾക്കുള്ള പ്രധാന കാരണമായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.















