പാകിസ്താൻ ടീമിന് നേരെയുളള ഒളിയമ്പ്; ഇങ്ങനെ പ്രതാപത്തോടെ വിരമിക്കണം; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പുകഴ്‌ത്തി മുൻ പാക് താരങ്ങൾ

Published by
Janam Web Desk

ന്യൂഡൽഹി: വിരമിക്കുന്നെങ്കിൽ ഇങ്ങനെ പ്രതാപത്തോടെ വിരമിക്കണമെന്ന് പാകിസ്താൻ മുൻ ക്രിക്കറ്റ് താരങ്ങൾ. ട്വന്റി -20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും വിരാട് കോലിയും ട്വന്റി -20 യിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ മുൻ താരങ്ങളുടെ പ്രതികരണം. അതേസമയം ടൂർണമെന്റിൽ നാണം കെട്ട തോൽവിഏറ്റുവാങ്ങി മടങ്ങിയ പാകിസ്താൻ ടീമിനുളള ഒളിയമ്പാണ് പ്രതികരണമെന്നും സൂചനകളുണ്ട്.

ജാവേദ് മിയാൻദാദും വഖാർ യൂനിസും ഉൾപ്പെടെയുളളവരാണ് ഇന്ത്യൻ താരങ്ങളെ പുകഴ്‌ത്തി രംഗത്തെത്തിയത്. ട്വന്റി- 20 യിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്ത്യൻ താരങ്ങൾ തീരുമാനിച്ചത് ഉചിതമായ സമയത്താണെന്ന് ജാവേദ് മിയാൻദാദ് പറഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും അവരെ ഇനിയും നമുക്ക് കാണാനാകും. രണ്ട് താരങ്ങളും ഏത് ഫോർമാറ്റിലും റോൾമോഡലുകളായി നിലനിൽക്കും. ഫിറ്റ്‌നസിലും പ്രൊഫഷണലിസത്തിലും അച്ചടക്കത്തിലും കോലി അതിന്റെ ഏറ്റവും ഉയരത്തിലാണെന്നും ജാവേദ് മിയാൻദാദ് പറഞ്ഞു. ക്രിക്കറ്റിനും സ്വന്തം ടീമിനും മികച്ച സംഭാവനകൾ നൽകിയ താരങ്ങളാണ് രോഹിതും കോലിയുമെന്നും ജാവേദ് മിയാൻദാദ് ഓർമ്മിപ്പിച്ചു.

നിർണായക സമയങ്ങളിൽ ഇരുവരും നടത്തിയ അസാധാരണമായ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്ന് വഖാർ യൂനിസും ചൂണ്ടിക്കാട്ടി. സമ്മർദ്ദത്തിനിടയിലും ടീമിന് വേണ്ട സംഭാവന നൽകാനും വിജയത്തിലേക്ക് നയിക്കാനുമുളള ഇരുവരുടെയും കഴിവും വഖാർ യൂനിസ് എടുത്തുപറഞ്ഞു. ലോകകപ്പിൽ ജസ്പ്രീത് ബുമ്രയുടെ മാസ്മര പ്രകടനവും ഫാസ്റ്റ് ബൗളർ കൂടിയായ വഖാർ യൂനിസ് എടുത്തുപറഞ്ഞു. ഇന്ത്യയ്‌ക്ക് വേണ്ടി ബുമ്ര യഥാർത്ഥ മാച്ച് വിന്നർ ആയി മാറുകയായിരുന്നുവെന്നും വഖാർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പ്രകടനസ്ഥിരത എടുത്തുപറയേണ്ടതാണെന്ന് മുൻ ക്യാപ്റ്റൻ റഷീദ് ലത്തീഫ് പറഞ്ഞു. ഒരു വർഷത്തിനുളളിൽ മൂന്ന് ഐസിസി ഫൈനലുകളിലാണ് ഇന്ത്യൻ ടീം എത്തിയത്. ടീം മാനേജ്‌മെന്റും കളിക്കാരും തമ്മിലുളള ഊഷ്മളമായ ബന്ധത്തെയും റഷീദ് ലത്തീഫ് പുകഴ്‌ത്തി. രാഹുൽ ദ്രാവിഡിനും സപ്പോർട്ടിംഗ് ടീമിനും ഈ വിജയത്തിൽ വലിയ പങ്കുണ്ടെന്ന് പറഞ്ഞായിരുന്നു വഖാർ യൂനിസിന്റെ പരാമർശം.

രോഹിത് ശർമ്മയുടെ നേതൃപാടവത്തെ പുകഴ്‌ത്തിയാണ് ഷഹീദ് അഫ്രീദി രംഗത്തെത്തിയത്. ഇന്ത്യയ്‌ക്ക് ലോകകിരീടം നേടിക്കൊടുത്ത ശേഷം വിരമിക്കാനുളള ഇരുവരുടെയും നിലപാട് ശരിയായ തീരുമാനമാണെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു.

ട്വന്റി 20 ലോകകപ്പിൽ യുഎസ്എയോട് പരാജയപ്പെട്ട പാകിസ്താൻ ടീം കാനഡയോടും അയർലൻഡിനോടും വിജയിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഇതിന്റെ വിമർശനങ്ങൾ അവസാനിക്കും മുൻപാണ് ലോകകപ്പ് കിരീടമുയർത്തിയ ഇന്ത്യൻ ടീമിനെ പുകഴ്‌ത്തി മുൻ താരങ്ങൾ രംഗത്തെത്തിയത്. 2016 ന് ശേഷം ആദ്യമായിട്ടാണ് ടി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാക് ടീം പുറത്തുപോകുന്നത്.

Share
Leave a Comment