ആലപ്പുഴ: ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണത്തിന് പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെയാണ് പരാതി. പ്രേംജിത്ത് നിരന്തരം ശല്യം ചെയ്യുന്നുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയാണെന്നും യുവതി പരാതിയിൽ പറയുന്നു.
പ്രേംജിത്തിന് ബന്ധമുളള സ്വകാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. എന്നാൽ ഇയാൾ നിരന്തരം ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. ഒടുവിൽ ശല്യം സഹിക്കാനാവാതെ ജോലി ഉപേക്ഷിക്കേണ്ടിവന്നുവെന്ന് യുവതി പറയുന്നു. പിന്നീട് സ്ഥാപനത്തിലെ ചില കണക്കുകൾ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി. സ്ഥാപനത്തിലെത്തിയപ്പോൾ ഒരു മുറിക്കുള്ളിൽ പൂട്ടിയിടുകയും കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
പൊലീസ് കേസെടുത്തെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് യുവതി ആരോപിക്കുന്നത്. എഫ്ഐആറിൽ താൻ കൊടുത്ത മൊഴിയല്ല രേഖപ്പെടുത്തിയതെന്ന് യുവതി പറയുന്നു. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും രണ്ടാമതും യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.