മലപ്പുറം: അധിനിവേശ വേരുകളെ പിഴുതെറിഞ്ഞ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തു. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെ 12.19-നാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 D എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
രാജ്യത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിലായിരുന്നെങ്കിലും പിന്നീട് കേസ് റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. റോഡ് തടസപ്പെടുത്തിയന്നാരോപിച്ച് തെരുവു കച്ചവടക്കാരനെതിരെയായിരുന്നു കേസ്. നിലവിൽ ആദ്യ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലെ ഗ്വാളിയറിലാണ്. മോട്ടർ സൈക്കിൾ മോഷണത്തിനാണ് പുതിയ നിയമപ്രകാരം ആദ്യ കേസെടുത്തത്. ജൂൺ ഒന്നിന് പുലര്‍ച്ചെ 12.10-നാണ് കേസ് റജിസ്റ്റർ ചെയ്തത്. രണ്ടാമത്തെ കേസ് ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്തു.
ഭാരതീയ ന്യായസംഹിത പ്രാബല്യത്തിൽ വന്നതോടെ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം അടക്കമുള്ള മൂന്ന് നിയമങ്ങൾ ചരിത്രമായി. ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനീയവുമാണ് പ്രാബല്യത്തിൽ വന്നത്.
കുറ്റകൃത്യം നടന്ന പ്രദേശം കണക്കിലെടുക്കാതെ ആദ്യ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്ന ‘സീറോ എഫ്ഐആർ, പൊലീസിന് ഓൺലൈനിൽ പരാതി സമർപ്പിക്കാനുള്ള സംവിധാനം, എസ്എംഎസിലൂടെ സമൻസ്, ഹീനമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പൂർണമായി വിഡിയോ ദൃശ്യം പകർത്തൽ തുടങ്ങി ആധുനിക നീതി ന്യായ വ്യവസ്ഥയോട് ഒത്തിണങ്ങുന്നതാണ് പുതിയ നിയമങ്ങൾ. ബ്രിട്ടീഷ്‍ നിയമങ്ങളിൽ ശിക്ഷാ നടപടിക്കാണ് പ്രാധാന്യമെങ്കിൽ പുതിയ നിയമങ്ങളിൽ നീതിക്കാണ് പ്രാധാന്യമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
കുറ്റകൃത്യം നടന്ന പ്രദേശം പരിഗണിക്കാതെ ഏത് പൊലീസ് സ്റ്റേഷനിലും പരാതി നൽകാമെന്നതാണ് ഏറെ പ്രധാനമായ മാറ്റം. ഇതുവഴി കുറ്റകൃത്യത്തെക്കുറിച്ച് വേഗത്തിൽ പൊലീസിന് വിവരം ലഭിക്കും. അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് തനിക്ക് താത്പര്യമുള്ള ഒരാളെ വിവരമറിയിക്കാനുള്ള അവകാശവും പുതിയ നിയമപ്രകാരം ലഭിക്കും.
2023 ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ച ഈ നിയമസംഹിതയ്‌ക്ക് ഡിസംബർ 25-ന് രാഷ്‌ട്രപതി അംഗീകാരം നൽകി.