164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം അടക്കമുള്ള മൂന്ന് നിയമങ്ങൾ ഇനി ചരിത്രം. ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത, സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനീയവുമാണ് നിലവിൽ വരുന്നത്. നീതി നടപ്പാക്കുന്നതിലാണ് പുതിയ നിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കൊളോണിയൽ നിയമങ്ങൾക്ക് അന്ത്യം കുറിക്കപ്പെടുകയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
പുതിയ നിയമസംഹിത പ്രകാരം വരുന്ന പ്രധാന മാറ്റങ്ങൾ
- വിചാരണ പൂർത്തിയാക്കി 45 ദിവസത്തിനകം വിധി പറയണം. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം. സാക്ഷികളുടെ സുരക്ഷയും സഹകരണവും ഉറപ്പാക്കാൻ പദ്ധതികൾ നടപ്പാക്കും.
- ബലാത്സംഗത്തിന് ഇരയായവരുടെ മൊഴികൾ ഇരയുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തിൽ വനിതാ പൊലീസ് ഓഫീസർ രേഖപ്പെടുത്തണം. ഏഴു ദിവസത്തിനകം മെഡിക്കൽ റിപ്പോർട്ട് നൽകണം.
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്താൽ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം.
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്ന കേസുകൾക്കുള്ള ശിക്ഷകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.
- എല്ലാ ആശുപത്രികളും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് സൗജന്യ പ്രഥമശുശ്രൂഷയോ വൈദ്യചികിത്സയോ നൽകേണ്ടതുണ്ട്.
- എഫ്ഐആർ, പൊലീസ് റിപ്പോർട്ട്, കുറ്റപത്രം, മൊഴികൾ, മറ്റ് രേഖകൾ എന്നിവയുടെ പകർപ്പുകൾ 14 ദിവസത്തിനകം ലഭിക്കാൻ പ്രതിക്കും ഇരയ്‌ക്കും അർഹതയുണ്ട്. രണ്ട് തവണ മാത്രമേ കോടതിക്ക് വാദം മാറ്റിവയ്‌ക്കാൻ സാധിക്കൂ.
- കുറ്റകൃത്യം നടന്ന പ്രദേശം പരിഗണിക്കാതെ ഏത് പൊലീസ് സ്റ്റേഷനിലും പരാതി നൽകാം. ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്. സ്ത്രീകൾ, 15 വയസിൽ താഴെയുള്ളവർ, 60 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിയുള്ളവർ, മാരകരോഗങ്ങൾ ബാധിച്ചവർ തുടങ്ങിയവർക്ക് പരാതി നൽകാനോ കേസിന്റെ തുടർനടപടികൾക്കോ പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. ഇവരെ പൊലീസ് വീട്ടിലെത്തി സഹായിക്കണം.
- അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് തനിക്ക് താത്പര്യമുള്ള ഒരാളെ വിവരമറിയിക്കാനുള്ള അവകാശവും പുതിയ നിയമപ്രകാരം ലഭിക്കും. കുടുംബാഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളിലും ജില്ലാ ആസ്ഥാനത്തും അറസ്റ്റിന്റെ വിശദാംശങ്ങൾ പ്രദർശിപ്പിക്കും.
- ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഫോറൻസിക് വിദഗ്ധർ സന്ദർശിച്ച് തെളിവുകൾ ശേഖരിക്കേണ്ടത് നിർബന്ധമാക്കി.
- ബലാത്സംഗവുമായി ബന്ധപ്പെട്ട മൊഴികൾ ഓഡിയോ-വീഡിയോ മാർഗങ്ങളിലൂടെ രേഖപ്പെടുത്തണം. ലിംഗം എന്ന നിർവചനത്തിൽ ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു. ഇരയുടെ മൊഴി വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തണം.
- പൊലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വിഡിയോ റിക്കോർഡിംഗ് നടത്തും. ഇ–സാക്ഷി എന്ന മൊബൈൽ ആപ് വഴി നടത്തുന്ന റെക്കോർഡിംഗിലെ ദൃശ്യങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും കോടതിക്കും എപ്പോൾ വേണമെങ്കിലും കാണാനാകും.
- പ്രധാനപ്പെട്ട കേസുകളിൽ മഹസർ രേഖപ്പെടുത്തുന്നത് വെർച്വൽ റിയാലിറ്റി സാങ്കേതിക സംവിധാനമുള്ള 360 ഡിഗ്രി ലേസർ ക്യാമറയിലായിരിക്കും.
- പ്രതി ഒളിവിലാണെങ്കിൽ കേസ് വിചാരണ നടക്കാതെ മാറ്റിവയ്‌ക്കുന്ന പതിവ് ഇനിയുണ്ടാകില്ല. വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കും.
- നിക്ഷേപത്തട്ടിപ്പിൽ ക്രിമിനൽ കേസെടുത്താലും പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പരാതിക്കാർ കോടതിയിൽ പോയി സിവിൽ കേസ് കൊടുക്കേണ്ട രീതിയും മാറും. ക്രിമിനൽ കേസിന്റെ നടപടിക്രമമായി പ്രതിയുടെ സ്വത്ത് കണ്ടുകെട്ടാൻ കഴിയും.
- നോട്ട് നിർമാണം, കടത്തൽ, വസ്തുവകകൾ നശിപ്പിക്കൽ എന്നിവയും ഭീകരവാദത്തിന്റെ പരിധിയിൽ വരും.
- മദ്യപിച്ചു പ്രശ്നമുണ്ടാക്കൽ, അപകീർത്തി തുടങ്ങിയ പെറ്റിക്കേസുകളിൽ ശിക്ഷയായി സാമൂഹിക സേവനവും.
- എഴുത്ത്, സംസാരം, ആംഗ്യം, ഇലക്ട്രോണിക് മാദ്ധ്യമം എന്നിവ വഴിയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാം.