ഇടുക്കി: സിപിഐ നേതാവിന്റെ ഭീഷണിക്ക് പിന്നാലെ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ പോയ ഉദ്യോഗസ്ഥർക്ക് നേരെ നടപടി. ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിൽ ജോലി ചെയ്യുന്ന 7 ഭൂസംരക്ഷണ സേനാംഗങ്ങളെയാണ് സ്ഥലംമാറ്റിയത്. ഭീഷണി അവഗണിച്ച് കയ്യേറ്റം ഒഴിപ്പിച്ചവരെയാണ് സ്ഥലം മാറ്റം. 2012 മുതൽ ഒരോ താലൂക്കുകളിലും ജോലി ചെയ്യുന്നവരാണ് ഇവർ. ഉദ്യോഗസ്ഥർ സ്ഥലംമാറി പോകുമ്പോഴും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനും കാര്യക്ഷമമായി പ്രവർത്തിക്കുന്നത് ഈ അംഗങ്ങളാണ്.
കഴിഞ്ഞ ദിവസമാണ് സിപിഐ നേതാവ് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ജീവനക്കാരെ സ്ഥലം മാറ്റുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ദേവികുളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച ഷെഡ് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് സിപിഐ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയത്. പിന്നാലെയാണ് ഭൂസംരക്ഷണ സേനാംഗങ്ങളെ സ്ഥലം മാറ്റിയിരിക്കുന്നത്. വിമുക്തഭടൻമാരായ ഇവർ താത്കാലിക ജീവനക്കാരാണ്. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്തതിനെ കുറിച്ചും കയ്യേറ്റ ഭൂമിയെ കുറിച്ചും വ്യക്തമായ ധാരണയുള്ള വിദൂരസസ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
മുമ്പ് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ഓർമ്മയുണ്ടല്ലോ? അതുപോലെ സ്ഥലം മാറ്റിച്ച് വീട്ടിൽ ഇരുത്തുമെന്നായിരുന്നു ഭീഷണി. ഒടുവിൽ, പൊലീസ് കാവലിലാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്. നേരത്തെ മൂന്ന് തവണ റവന്യൂവകുപ്പ് ഈ മേഖലയിലെ കയ്യേറ്റം ഒഴിപ്പിച്ചിരുന്നു.