ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകവേ പ്രതിപക്ഷത്തെയും കോൺഗ്രസ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം സഭയിൽ കുട്ടിക്കളി നടത്തുകയാണെന്നും നുണപ്രചാരണത്തിന്റെ രാഷ്‌ട്രീയം വീണ്ടും അവർ പ്രയോഗിച്ച് തുടങ്ങിയെന്നും മോദി വിമർശിച്ചു. കോൺഗ്രസിന്റെ വായ നുണയുടെ ശേഖരമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഗ്നിവീർ പദ്ധതിയെക്കുറിച്ച് ഉൾപ്പടെ പ്രതിപക്ഷ നേതാവ് രാഹുൽ സഭയിൽ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകൾ.
ഒന്നാം തീയതി ആയപ്പോൾ ആളുകൾ അവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് നോക്കി. അവരുടെ അക്കൗണ്ടിൽ 8,500 രൂപ വന്നിട്ടുണ്ടോയെന്ന്. തങ്ങളുടെ അക്കൗണ്ടിൽ എല്ലാമാസവും 8,500 രൂപയെത്തുമെന്നായിരുന്നു സ്ത്രീകൾക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനം. വോട്ടിംഗ് മെഷീൻ, ഭരണഘടന, റാഫേൽ തുടങ്ങി പല വിഷയങ്ങളിലും സമാനമായി അവർ നുണ പ്രചരിപ്പിച്ചു. ഒടുവിൽ അഗ്നിവീറിന്റെ നുണ പ്രചാരണം നടത്തി. രാജ്യത്തെ പൗരന്മാരുടെ ബുദ്ധിയെ പരിഹസിക്കുന്ന നിലപാടാണിത്. കോൺഗ്രസ് എല്ലാതിനേയും നുണകൊണ്ട് മൂടാനാണ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികമാണ് കഴിഞ്ഞുപോയത്. അധികാരത്തിലുള്ളവർ ഏകാധിപതികളായപ്പോൾ ഈ രാജ്യം അനുഭവിക്കേണ്ടി വന്ന അവസ്ഥയാണത്. അഹങ്കാരത്തിന്റെ എല്ലാ പരിധിയും കോൺഗ്രസ് ലംഘിച്ചു. സർക്കാരുകളെ അട്ടിമറിച്ചു. മാദ്ധ്യമങ്ങളെ അടിച്ചമർത്തി. കോൺഗ്രസിന്റെ എല്ലാ പ്രവർത്തനങ്ങളും ഭരണഘടനയ്‌ക്ക് എതിരായിരുന്നു. രാജ്യത്തെ ദളിതരോടും പിന്നാക്കക്കാരോടും അനീതി കാണിച്ചത് കോൺഗ്രസുകാരാണ്. അതുകൊണ്ടാണ് നെഹ്റു മന്ത്രിസഭയിൽ നിന്ന് ബാബാ സാഹേബ് അംബേദ്കർ പിൻവാങ്ങിയത്. കോൺഗ്രസിന്റെ ദളിത് വിരുദ്ധ കാഴ്ചപ്പാടാണ് അതിനുകാരണം.
ദളിതർക്കെതിരെ നെഹ്റു ജി എന്തെല്ലാം അനീതി കാണിച്ചുവെന്ന് പുറത്തുകൊണ്ടുവന്നത് അംബേദ്കറാണ്. അദ്ദേഹം നേരിട്ട് വിമർശിക്കാൻ തുടങ്ങിയതോടെ അംബേദ്കറുടെ രാഷ്‌ട്രീയ ഭാവിയെ തച്ചുടച്ചയാളാണ് നെഹ്റു ജി. ഗൂഢാലോചനയിലൂടെ ബാബാ സാഹേബിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചു. അതുമാത്രമല്ല, ആ പരാജയം അവർ ആഘോഷിക്കുകയും ചെയ്തുവെന്ന് മോദി വിമർശിച്ചു.















