മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹഘോഷങ്ങളുടെ ഭാഗമായി സമൂഹവിവാഹം നടത്തി അംബാനി കുടുംബം. നിരാലംബരായ അമ്പതോളം പെൺകുട്ടികൾക്കാണ് അംബാനി കുടുംബം പുതിയ ജീവിതം സമ്മാനിച്ചത്.
മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. മുകേഷ് അംബാനി, നിതാ അംബാനി, മക്കളായ ഇഷാ അംബാനി, ആകാശ് അംബാനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹ ചടങ്ങുകൾക്ക് ശേഷം അംബാനി കുടുംബം നവദമ്പതികൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. 800 ഓളം ആളുകളാണ് വിവാഹത്തിൽ പങ്കെടുത്തത്. സാമൂഹിക പ്രവർത്തകർ, മറ്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കാളികളായി. വിവാഹത്തിനെത്തിയ എല്ലാവർക്കും വിപുലമായ വിരുന്ന് സൽക്കാരവും ഒരുക്കിയിരുന്നു.
മിക്സി, ഗ്യാസ് സ്റ്റൗ, ഫാൻ, മെത്ത തുടങ്ങിയ വീട്ടുപകരണങ്ങളുൾപ്പെടെ 36-ഓളം അവശ്യവസ്തുക്കളും ദമ്പതികൾക്ക് കൈമാറി. ഓരോ ദമ്പതികൾക്കും ഒരു ലക്ഷം രൂപ വീതവും സ്വർണാഭരണങ്ങളും സമ്മാനിച്ചു.
ഇഷാ അംബാനിയുടെയും ആകാശ് അംബാനിയുടെയും വിവാഹത്തിനും ഇത്തരത്തിലുള്ള സാമൂഹ്യ സേവനങ്ങൾ അംബാനി കുടുംബം നടത്തിയിരുന്നു. ഈ മാസം 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്.