കൊച്ചി: മുൻ മിസ് കേരളയടക്കമുള്ള മോഡലുകളായ രണ്ടു യുവതികൾ 2021ൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സൈജു തങ്കച്ചൻ അറസ്റ്റിൽ. ബിസിനസ് സംബന്ധമായ കാര്യങ്ങൾ സംസാരിക്കാൻ എന്ന വ്യാജേന കൊടുങ്ങല്ലൂർ സ്വദേശിയായ അഭിനന്ദ് എന്നയാളെ ചിലവന്നൂരിലുള്ള ഡ്രീം ലാൻഡ് വ്യൂ എന്ന ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയും അഭിനന്ദിന്റെ ഹോണ്ട അമേസ് കാർ തട്ടിയെടുക്കുകയും ചെയ്തു എന്നതാണ് കേസ്. സൈജു, സുഹൃത്ത് റെയ്സ്, റെയ്സിന്റെ ഭാര്യ റെമീസ് എന്നിവർ ചേർന്ന് കൃത്യം നടത്തി എന്നാണ് ആരോപണം.
സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്ന് മത്സരയോട്ടം നടത്തിയത് കാരണമാണ് കൊച്ചി പാലാരിവട്ടത്ത് മുന്‍ മിസ് കേരള അടക്കമുള്ളവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് കേസുണ്ട്.ഈ കേസ് ഉൾപ്പെടെഎറണാകുളം ടൗൺ സൗത്ത്, പാലാരിവട്ടം, ഇൻഫോപാർക്ക്, പനങ്ങാട്, മരട്, ഫോർട്ട് കൊച്ചി, തൃക്കാക്കര, ഇടുക്കി വെള്ളത്തൂവൽ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ഒട്ടെറെ മയക്കുമരുന്ന് കേസിലും പോക്സോ കേസിലും പ്രതിയാണ് സൈജു എന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോർട്ട്കൊച്ചിയിലെ ഹോട്ടൽ 18ൽ നിന്ന് പാർട്ടി കഴിഞ്ഞിറങ്ങിയ മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന എന്നിവരെ സൈജു പിന്തുടർന്നത് കാരണം അമിത വേഗതയിൽ വാഹനം ഓടിച്ചത് കൊണ്ട് അപകടമുണ്ടായി എന്നാണ് കേസ്. ഈ സംഭവം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇവരുടെ കാർ സൈജു പിന്തുടർന്നതോടെ പാലാരിവട്ടത്ത് വച്ച് വാഹനം അപകടത്തിൽപ്പെടുകയും രണ്ടു പെൺകുട്ടികളും മരിക്കുകയും ചെയ്തു.
ഈ പെൺകുട്ടികളെ പാർട്ടിക്കു ശേഷവും ഹോട്ടലിൽ തുടരാൻ നിർബന്ധിച്ച ഹോട്ടൽ ഉടമ റോയ് വയലാട്ടിലും കേസിൽ പ്രതിയായി. ഇതിനു പിന്നാലെ റോയ് വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവർക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നു.















