ഭോപ്പാൽ: ഭോജ്ശാല-കമാൽ മൗല മസ്ജിദ് കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ 39ഓളം വിഗ്രഹങ്ങൾ കണ്ടെത്തി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 98 ദിവസമായി നടത്തി വരികയായിരുന്ന സർവേയിലാണ് 39 വിഗ്രഹങ്ങൾ ഉൾപ്പെടെ 1710ഓളം ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സരസ്വതീ ദേവി, മഹിഷാസുര മർദ്ദിനി, ഗണപതി, കൃഷ്ണൻ, ശിവൻ, ബ്രഹ്‌മാവ്, ഹനുമാൻ തുടങ്ങിയ വിഗ്രഹങ്ങൾ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂന്ന് മാസത്തോളമായി പ്രദേശത്ത് നടത്തി വരികയായിരുന്ന സർവേ അവസാനിച്ചത്. സ്ഥലത്ത് നിന്ന് കണ്ടെടുത്തവയെ സംബന്ധിച്ചുള്ള റിപ്പോർട്ട് നാളെ ഹൈക്കോടതിക്ക് മുൻപാകെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിക്കും. പ്രദേശത്ത് കൂടുതൽ ആഴത്തിൽ പരിശോധന നടത്താൻ എഎസ്ഐ അപേക്ഷ നൽകിയേക്കുമെന്നും സൂചനയുണ്ട്.
ഭേജ്ശാല സരസ്വതി ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നുവെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയിലാണ് പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. എല്ലാ ദിവസവും നടക്കുന്ന പരിശോധനയിൽ ആർക്കിയോളജിക്കൽ സംഘത്തിനൊപ്പം ചേരാൻ ഹിന്ദു-മുസ്ലീം വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾക്കും അവസരം ഉണ്ടായിരുന്നു.
അവസാന ദിവസത്തെ സർവേയിൽ ഏഴോളം ക്ഷേത്ര ഭാഗങ്ങളും ഒരു വിഗ്രഹവും ലഭിച്ചതായി ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് പ്രതിനിധി ഗോപാൽ ശർമ പറഞ്ഞു. തകർന്ന നിലയിലുള്ള ദേവീ വിഗ്രഹവും തൂണിന്റെ അവശിഷ്ടങ്ങളുമാണ് അവസാന ദിവസം ലഭിച്ചത്. വിഗ്രഹത്തിന്റെ മുഖവും കഴുത്ത് വരെയുള്ള ഭാഗവും മാത്രമാണ് അന്നേദിവസം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനയിൽ കണ്ടെത്തിയ ഭാഗങ്ങൾ കാർബൺ ഡേറ്റിങ്ങിന് അയച്ചതായി അധികൃതർ വ്യക്തമാക്കി. ഭോജ്ശാലയിലും പരിസരങ്ങളുമായി 12ഓളം സ്ഥലങ്ങളിലാണ് ഖനനം നടത്തിയത്. കാർബൺ ഡേറ്റിംഗ് റിപ്പോർട്ട് ഉപയോഗിച്ച് ഖനനത്തിൽ കണ്ടെത്തിയ വസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കും. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഹൈക്കോടതിയിൽ തുടർ നടപടികളിൽ നിർണായകമാകുന്നത്.