തൃശൂർ: ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറിനെതിരെ സർക്കാരിന്റെ പ്രതികാര നടപടി. കെ കെ അനീഷ്‌കുമാറിനെ സ്ഥിരം കുറ്റവാളിയാക്കി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രാഥമിക ഉത്തരവ് പുറത്തിറക്കി. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സമർപ്പിച്ച ഉത്തരവിലാണ് നടപടി. സിആർപിസി 107-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ജില്ലാ അദ്ധ്യക്ഷനെതിരായ കള്ളക്കേസുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും ഇതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി മേഖല അദ്ധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കള്ളക്കേസുകൾ കൊണ്ട് പ്രസ്ഥാനത്തിന്റെ മനോവീര്യം തകർക്കാമെന്ന് കരുതരുത്. ഏത് വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ വലിയ പങ്കുവഹിച്ചവരിൽ പ്രധാനിയായിരുന്നു കെ.കെ അനീഷ് കുമാർ. ചുവപ്പൻ കോട്ടകളും കോൺഗ്രസ് ശക്തികേന്ദ്രങ്ങളും തകർന്നടിഞ്ഞതോടെ ഇരുമുന്നണികളും നേരിടുന്ന നിരാശയുടെ ഭാഗമായാണ് ജില്ലാ അദ്ധ്യക്ഷനെതിരായ നീക്കമെന്നാണ് വിമർശനം. കെ.കെ അനീഷ് കുമാറിനെ ജയിലിലടക്കാനുള്ള നീക്കത്തിനെതിരെ തൃശൂരിൽ ബിജെപി ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.