കൊൽക്കത്ത: പശ്ചിമബംഗാളിൽ നടുറോഡിൽ ടിഎംസി നേതാക്കളുടെ മർദ്ദനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. ജൂൺ 29ന് ബൊഗ്രവിറ്റ പഞ്ചായത്തിലാണ് സംഭവം. സമീപ പ്രദേശമായ ദിനജ്പൂരിൽ ദിവസങ്ങൾക്ക് മുമ്പ് ടിഎംസി ഗുണ്ടകൾ യുവാവിനേയും യുവതിയേയും പൊതു മദ്ധ്യത്തിൽ തല്ലിച്ചതച്ചത് വൻ വിവാദമായിരുന്നു . ഇത് കത്തിപ്പടരുന്നതിന് പിന്നാലെയാണ് പുതിയ സംഭവം.
ടിഎംസി നേതാവ് മാലതി റോയിയും ഭർത്താവ് ശങ്കരർ റോയിയും സംഘവുമാണ് പഞ്ചായത്തിന് മുന്നിൽ വെച്ച് ഭാര്യയെ ആക്രമിച്ചതെന്ന് ഭർത്താവ് പറഞ്ഞു. മർദ്ദനത്തിന് മുമ്പ് ആൾക്കൂട്ട വിചാരണയും നേരിട്ടു. ഇതിൽ മനെനൊന്താണ് വിഷം കുടിച്ച് ഭാര്യ ജീവിതം അവസാനിപ്പിച്ചത്. ടിഎംസി പ്രാദേശിക ഘടകത്തിനെതിരെ പൊലീസിൽ പരാതി നൽകിയതായും മരിച്ച യുവതിയുടെ ഭർത്താവ് കൂട്ടിച്ചേർത്തു.
യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്നും 10 ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായെന്നും പരാതി ഉയർന്നിരുന്നു. തുടർന്ന് ഭർത്താവ് ന്യൂ ജൽപായ്ഗുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച യുവതി വീട്ടിൽ മടങ്ങിയെത്തി.
ഇതിന് പിന്നാലെ ആൾകൂട്ട വിചാരണയും മർദ്ദനവുമുണ്ടായത്. ഭർത്താവിന്റെയും സഹോദരന്റെയും രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ന്യൂ ജൽപായ്ഗുരി പൊലീസ് സ്റ്റേഷൻ ഓഫീസർ നിർമ്മൽ ദാസ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാരിന്റെ ജംഗിൾ രാജിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്ത് വന്നു.ടിഎംസി എന്നാൽ താലിബാനി ചിന്താഗതിയും സംസ്കാരവുമാണ്. ബംഗാളിലെ തെരുവുകളിൽ പകൽ വെളിച്ചത്തിൽ താലിബാൻ മാതൃകയിൽ കോടതി ജഡ്ജിയെ അവതരിപ്പിക്കുന്ന ക്രൂരമായ വീഡിയോ കണ്ട് രാജ്യം മുഴുവൻ ഞെട്ടിയിരിക്കുകയാണെന്ന് ഇന്ന് രാവിലെ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.