ന്യൂഡൽഹി: സൈനികരുടെ യാത്രകൾക്ക് 113 ഇലക്ട്രിക് ബസുകൾ വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ് സൈന്യത്തിന്റെ തീരുമാനം. കാർബൺ പുറന്തള്ളുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിൽ കേന്ദ്ര നിർദ്ദേശത്തിന് അനുസൃതമായാണ് ബസുകൾ വാങ്ങിയിരിക്കുന്നത്.
ഒരു ബസിൽ പരമാവധി 40 സീറ്റുകളാണുള്ളത്. ഇവ സമതല പ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും സൈന്യത്തിന്റെ യാത്രകൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. സേനയിലും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതോടെ ആഗോളതലത്തിലും മാതൃകയാകാൻ രാജ്യത്തിന് കഴിയും.
ഈ ലക്ഷ്യം കൈവരിക്കാൻ തദ്ദേശീയമായുള്ള സാധ്യതകൾ വികസിപ്പിച്ചെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കവും ഇതിനോടകം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. കരസേനയിലെ പുതിയ മാറ്റം മറ്റ് സർക്കാർ ഏജൻസികളും സ്ഥാപനങ്ങളിലും വൈകാതെ നടപ്പിലാക്കുമെന്നാണ് സൂചന. രാജ്യത്തിന്റെ സുരക്ഷയും പരിസ്ഥിതി സൗഹൃദമായ ഭാവിയും മുന്നിൽ കണ്ടുള്ള മാറ്റത്തിനാണ് സേന തുടക്കം കുറിച്ചിരിക്കുന്നത്.