തിരുവനന്തപുരം: പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളിൽ പലർക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തെറ്റെറ്റ് ഒരിക്കൽ കൂടി ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ സ്കൂളുകൾക്ക് എതിരായ പരാമർശം സജി ചെറിയാൻ തന്നെ തിരുത്തുമെന്നും ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു. സജി ചെറിയാന്റെ വിവാദ പരാമർശത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” പത്താം ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് എഴുത്തും വായനയും അറിയില്ലെന്ന് സജി ചെറിയാൻ പറഞ്ഞത് തെറ്റു തന്നെയാണ്. എന്നാൽ തെറ്റ് സംഭവിച്ചാൽ തിരുത്തുന്ന ആളാണ് അദ്ദേഹം. പണ്ടും ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തി കുടുങ്ങിയിട്ടുണ്ട്. തിരുത്താൻ സമയം കൊടുക്കാം.”- വി ശിവൻകുട്ടി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിൽ എന്തുകൊണ്ട് കുട്ടികൾ കുറയുന്നുവെന്നത് പൊതുസമൂഹം ആലോചിക്കണം. ഒരു വകുപ്പിന്റെ മാത്രം പരാജയമായി കണക്കാൻ സാധിക്കില്ല. കുട്ടികൾ കുറയുമ്പോഴാണ് പിടിഎ ഫണ്ട് കുറയുന്നതെന്നും കുട്ടികളെ കൂടുതലായി സർക്കാർ സ്കൂളുകളിൽ ചേർക്കാൻ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ എന്തുകൊണ്ടാണ് സജി ചെറിയാൻ വിവാദ പരാമർശം നടത്തിയ ശേഷവും തെറ്റ് തിരുത്താത്തതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന് പനിയാണെന്നായിരുന്നു ശിവൻ കുട്ടിയുടെ മറുപടി. തന്നെ പേടിച്ചാണ് മന്ത്രിസഭാ യോഗത്തിലും നിയമസഭയിലും വരാതിരിക്കുന്നതെന്നും ശിവൻകുട്ടി പരിഹസിച്ചു.















