ലക്നൗ: ഹത്രാസ് അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി, ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യനില ചോദിച്ചറിഞ്ഞതിന് ശേഷമാണ് മടങ്ങിയത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി യോഗി ആദിത്യനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണ സംഘത്തിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥരെയും മുതിർന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനാണ് യുപി സർക്കാർ മുൻഗണന നൽകിയത്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ഭൂരിപക്ഷം ആളുകളും അപകടനില തരണം ചെയ്തു. അപകടത്തിന് കാരണക്കാരായ ആളുകളെ വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഹത്രാസിൽ സത് സംഗിനിടെയുണ്ടായ അപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അനുശോചനം രേഖപ്പെടുത്തി. സത് സംഗ് നടത്തിയ സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 121 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്.















