വാഹനപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന, ലോകത്തിലെ ആദ്യ സിഎൻജി ബൈക്കിന്റെ ടീസർ വീഡിയോ ബജാജ് പുറത്തുവിട്ടു. ജൂലൈ അഞ്ചിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യൻ ഓട്ടോമൊബൈൽ ഭീമന്മാരായ
ബജാജ് ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇത് മുന്നോടിയാണ് ആയാണ് ടീസർ പുറത്ത് വിട്ടത്.
ബജാജ് ഓട്ടോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച വീഡിയോയുടെ അവസാനം ഇത് ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളാണെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ, സിഎൻജി ട്രാൻസ്മിഷൻ സ്വിച്ചുകളാണ് പ്രധാനമായും ടീസറിൽ കാണിച്ചിരിക്കുന്നത്. ഏകദേശം 5 ലിറ്റർ ശേഷിയുള്ള പെട്രോൾ ടാങ്കും ബൈക്കിന്റെ വീൽബേസിനു കുറുകെ നീളമുള്ള ഒരു ഫ്ലാറ്റ് സീറ്റും വെളിപ്പെടുത്തുന്നു. എന്നാൽ മോട്ടോർ സൈക്കിളിന്റെ ചിത്രം പൂർണ്ണമായും പുറത്ത് വിടാൻ കമ്പനി തയ്യാറായില്ല.
ബജാജ് രണ്ട് മാസം മുമ്പ് സിഎൻജി ബൈക്കുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ബ്രൂസർ എന്നാകും പുതിയ ബൈക്കിന്റെ പേര്. പെട്രോളിനൊപ്പം സിഎൻജി വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ പ്രൊഡക്ഷൻ- സ്‌പെക്ക് മോട്ടോർസൈക്കിളായിരിക്കും ബ്രൂസർ. റിപ്പോർട്ടുകൾ ശരിയായാൽ 70 കിലോമീറ്റർ മൈലേജ് വാഹനം നൽകും. ഇതേ സെഗ്‌മെൻ്റിലെ പെട്രോൾ മാത്രമുള്ള മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് സിഎൻജി മോട്ടോർസൈക്കിൾ ഇന്ധന ചെലവ് ചെലവ് 50 ശതമാനം കുറയ്‌ക്കുമെന്ന് ബജാജ് പറയുന്നു.
പ്രതിവർഷം 1-1.2 ലക്ഷം സിഎൻജി ബൈക്കുകൾ ഉൽപ്പാദിപ്പിക്കാനാണ് തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്നതെങ്കിൽ നിലവിൽ ഇത് പ്രതിവർഷം 2 ലക്ഷം യൂണിറ്റായി പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് കമ്പനി. ഈ വാഹനത്തിന്റെ സ്വീകാര്യതക്ക് അനുസരിച്ചിരിക്കും സിഎൻജിയിലേക്ക് മറ്റ് കമ്പനികളുടെ വരവ്. വിലയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും ഇലക്ട്രിക് ബൈക്കുകൾക്ക് സമാനമായി പെട്രോൾ വേരിയന്റുകളെക്കാൾ അൽപ്പം കൂടിയ വില തന്നെ വാഹനത്തിന് ഉണ്ടാവുമെന്നാണ് സൂചന.















