കൊല്ലം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മെഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ ശ്രമിച്ചത് കുണ്ടറ സിപിഎം ഏരിയ സെക്രട്ടറി എസ് എൽ സജികുമാറെന്ന് ഡിവൈഎഫ്ഐ അംഗം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അരുൺ കേരളപുരത്തിന്റെതാണ് ഈ ഗുരുതര വെളിപ്പെടുത്തൽ. തുറന്ന് പറഞ്ഞതിനാൽ, തന്റെ ജീവന് ഭീഷണിയുണ്ടെന്നും അരുൺ ജനം ടിവിയോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മെഴ്സിക്കുട്ടിയമ്മ പരാജയപ്പെടാൻ കാരണം എസ് എൽ സജികുമാറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ്. കൊല്ലം ജില്ലയിലെ ഗുണ്ടകളുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് ഡിവൈഎഫ്ഐ അംഗത്തിന്റെ വെളിപ്പെടുത്തൽ. ജില്ലയിലെ വ്യവസായികളുമായും എസ് എൽ സജികുമാറിന് വഴിവിട്ട ബന്ധമുണ്ടെന്നും അരുൺ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടാനുള്ള കാരണം സജികുമാറാണെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇതിന് മുമ്പ് ജില്ലയിൽ രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിൽ പ്രതിക്ക് അനുകൂലമായ നിലപാടാണ് സജി കുമാർ എടുത്തത്. ഇതിനെതിരെ അരുൺ കേരളപുരം രംഗത്ത് വന്നിരുന്നു. ഇതോടെ സജി കുമാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും അരുൺ ജനം ടിവിയോട് വെളിപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ മെഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതിന് തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. പരാജയത്തിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെന്നും അഭ്യൂഹങ്ങൾ വന്നു. ഇതിനൊക്കെ ഒടുവിലാണ് കുണ്ടറ സിപിഎം ഏരിയ സെക്രട്ടറി എസ് എൽ സജികുമാറാണ് ഇതിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വെളിപ്പെടുത്തിയത്.















