എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂസ്ഡ് കാർ ഷോറൂമിൽ പരിശോധന നടത്തി ഇഡി. നടനും സിനിമയുടെ നിർമാതാവുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള ഷോറൂമിലാണ് പരിശോധന. സ്ഥാപന ഉടമ മുജീബ് റഹ്മാനെയും ഇഡി ചോദ്യം ചെയ്തു.
മലപ്പുറം,എറണാകുളം,തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കളുമായി ബന്ധമ്മുള്ള ഓഫീസുകളിലാണ് പരിശോധന നടന്നത്. യൂസ്ഡ് കാർ ഷോറൂം വഴി സാമ്പത്തിക ഇടപാട് നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ 11ന് ആരംഭിച്ച പരിശോധന രാത്രിയോടെയാണ് അവസാനിച്ചത്.
കഴിഞ്ഞമാസം സൗബിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മൽ ബോയ്സ് സിനിമക്കു വേണ്ടി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും മുടക്കിയ പണവും നൽകിയില്ലെന്ന് ആരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.