ബെംഗളൂരു: മാണ്ഡി എംപി കങ്കണാ റണാവത്തിനെ മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിളിനെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റി. നിലവിൽ സസ്പെൻഷനിലുള്ള കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെയാണ് സ്ഥലം മാറ്റിയത്. സിഐഎസ്എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കുൽവിന്ദറിനെ മാറ്റിയിരിക്കുന്നത്.
സസ്പെൻഷൻ പിൻവലിച്ചാൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ ഡ്യൂട്ടിയാകും ഇവർക്ക് ലഭിക്കുക. കങ്കണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുൽവിന്ദറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ ആറിനാണ് ഛണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് കങ്കണയെ കുൽവീന്ദർ മർദ്ദിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെ യാതൊരു പ്രകോപനവും കൂടാതെ മർദ്ദിക്കുകയായിരുന്നുവെന്ന് കങ്കണ പരാതിയിൽ പറയുന്നു. പിന്നീട് അവിടെ കൂടി നിന്നവരോട് താൻ കങ്കണയെ മർദ്ദിച്ചുവെന്നും കർഷക പ്രതിഷേധത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് ചെയ്തതെന്നും ഇവർ പറഞ്ഞിരുന്നു.
തുടർന്ന് കുൽവിന്ദറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.