ലക്നൗ: സത്‌സംഗ് പ്രാർത്ഥനായോഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിക്കാനിടയായ ഹത്രാസ് അപകടത്തിൽ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഉത്തർപ്രദേശ് സർക്കാർ. റിട്ടയേർഡ് ജസ്റ്റിസ് ബ്രിജേഷ് കുമാർ ശ്രീവാസ്തവ അധ്യക്ഷനായ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെയാണ് സർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഗവർണർ ആനന്ദിബെൻ പട്ടേൽ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഹേമന്ത് റാവു, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഭവേഷ്‌കുമാർ സിംഗ് എന്നിവരെ അന്വേഷണ കമ്മീഷനിലെ അംഗങ്ങളായി നിയമിച്ചു. ലക്‌നൗവിലാണ് കമ്മീഷന്റെ ആസ്ഥാനം. വിജ്ഞാപനം വന്ന് രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കമ്മീഷന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ കാലയളവ് നീട്ടുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണ്. പരിപാടി നടത്തുന്നതിന് സംഘാടകർ ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയിട്ടുണ്ടോ, സംഭവം അപകടമാണോ, ഗൂഢാലോചനയുണ്ടോ, ആസൂത്രിതമാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
ഹത്രാസ് ജില്ലയിലെ രതിഭാൻപൂരിൽ ജൂലൈ 2 ന് നടന്ന സത്സംഗ് പ്രാർത്ഥനായോഗത്തിലാണ് അപകടമുണ്ടായത്. സത്സംഗ് കഴിഞ്ഞ് ആയിരക്കണക്കിനാളുകൾ വേദിയിൽ നിന്നും പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾ മരിച്ചത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.















