തിരുവനന്തപുരം: ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കാറ്റാടിമുക്ക് ലൈൻ നിവാസിയായ ലാലയ്‌ക്ക് (59) ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ച നാല് മണിയ്‌ക്കായിരുന്നു സംഭവം.
രാവിലെ വീട്ടുമുറ്റത്തിറങ്ങിയ ലാലയെ കരടികൾ അടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടർന്ന് കൈകാലുകളിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കരടികൾ കാട്ടിലേക്ക് ഓടി മറഞ്ഞു.
കാലിനും കൈയ്‌ക്കും പരിക്കേറ്റ ലാലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങൾ പഴുത്ത് നിൽക്കുന്നുണ്ട്. ഇത് കഴിക്കാനായാണ് കരടികൾ ജനവാസമേഖലയിൽ ഇറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മറ്റേതെങ്കിലും മേഖലയിൽ ഇവ തമ്പടിച്ചിട്ടുണ്ടോയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും.















