ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ‘അമ്മയുടെ പേരിൽ ഒരു മരം’ ക്യാമ്പയിന്റെ ഭാഗമായി ലക്‌നൗവിലെ തന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വൃക്ഷതൈകൾ നട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്ധതിയുടെ ഭാഗമായി ഉത്തർപ്രദേശിലെ നഴ്‌സറികളിൽ 54 കോടി വൃക്ഷതൈകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
“ആഗോളതാപനത്തിന്റെ അനന്തരഫലങ്ങൾ കുറയ്‌ക്കാൻ അമ്മയുടെ പേരിൽ ഒരു മരം പദ്ധതി പ്രകാരം എല്ലാവരും ഓരോ വൃക്ഷതൈകൾ നടണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ന് എന്റെ ഔദ്യോഗിക വസ്‌തിക്കുമുന്നിൽ വൃക്ഷതൈകൾ നട്ടു. പദ്ധതിക്കായി യുപിയിലെ നഴ്‌സറികളിൽ 54 കോടി തൈകൾ ഞങ്ങൾ തയാറാക്കിയിട്ടുണ്ട്” മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാഘോഷവേളയിലാണ് അമ്മയുടെ പേരിൽ ഒരു മരം പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്നത്. ഡൽഹിയിലെ ബുദ്ധജയന്തി പാർക്കിൽ അരയാൽ വൃക്ഷതൈ നട്ടുകൊണ്ടാണ് അദ്ദേഹം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതി ദിനത്തിലാരംഭിച്ച പദ്ധതി നമ്മുടെ അമ്മമാർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ തുടങ്ങിയതാണെന്ന് മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
“രാജ്യത്തെ എല്ലാ ജനങ്ങളോടും, ലോകത്തെ എല്ലാ രാജ്യങ്ങളിലെ ജനങ്ങളോടും അമ്മയുടെ പേരിലോ അമ്മയോടൊപ്പമോ ഓരോ വൃക്ഷതൈകൾ നടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ക്യാമ്പയിൻ അതിവേഗത്തിൽ ജനം ഏറ്റെടുക്കുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ട്,”അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുളള പാരീസ് ഉടമ്പടിയുടെ തുടർനടപടി കൂടിയായിട്ടാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിലും പ്രധാനമന്ത്രി ഇതേക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതുപോലെ വൃക്ഷതൈ നട്ടുപിടിപ്പിച്ചിരുന്നു.















